Friday, May 2, 2014

ഒരു സുനാമിയുടെ ഓര്‍മ്മക്കായ്

"ഓര്‍ക്കാപ്പുറത്ത് വന്ന സുനാമിയില്‍ സ്വന്തം ജീവനും സ്വപ്നങ്ങളും പൊലിഞ്ഞു പോയ ആയിരങ്ങളുടെ പാവന സ്മരണയ്ക്ക് മുന്‍പില്‍  സമര്‍പ്പിക്കുന്നു."

                  ഓര്‍മയില്‍ ഇന്നും ഒരു ഞെട്ടലാണ്. സന്തോഷത്തിന്റെയും ശാന്തിയുടെയും പുതുമലരുകളുമായെത്തിയ ഡിസംബറിലെ കോച്ചുന്ന തണുപ്പിന്‍റെ ആലസ്യത്തില്‍ നിന്നും ലോകം അന്നു ഉണര്‍ന്നത്‌ ഞെട്ടിക്കുന്ന ഒരു വാര്‍ത്ത‍ കേട്ടുകൊണ്ടാണ്. ഇന്തോനേഷ്യയില്‍ ഭൂകമ്പം...സുനാമിത്തിരകള്‍ തെക്കേ ഏഷ്യയെ മുക്കി.....

                                  അന്ന് ഞാന്‍ 
സെന്‍റ് ജോണ്‍സ് എച്ച് എസ് എസ് ഉണ്ടെന്‍കോടിലെ  – ലെ 12-)൦ ക്ലാസ്സ്‌ വിദ്യാര്‍ത്ഥിയാണ്. ചേട്ടന് MBBS പ്രവേശനം ലഭിച്ചതിന്‍റെ സന്തോഷം വളരെ വിരളമായ് മാത്രം നടക്കാറുള്ള ഒരു ട്രിപ്പ്‌ ആയി പ്ലാന്‍ ചെയ്തത് അപ്പോഴായിരുന്നു. യാത്രക്ക് വേളാങ്കണ്ണി തന്നെ തിരഞ്ഞെടുത്തത്‌ അമ്മയാണ്. മകന് എന്‍ട്രന്‍സ് കിട്ടിയാല്‍ വേളാങ്കണ്ണി മാതാവിന് നേര്‍ച്ച നേര്‍ന്നിരുന്നു അമ്മ. ഞങ്ങളുടെ മാമോദീസ വേളാങ്കണ്ണിയില്‍ വച്ചായിരുന്നെന്നും , അന്ന്‍ കുടുംബക്കാര്‍ മുഴുവനും ഒരു വലിയ ടൂര്‍ ആയി പോയിയെന്നുമൊക്കെ കുഞ്ഞുന്നാളില്‍ ചേട്ടന്‍ പറഞ്ഞു തന്നിട്ടുണ്ട്. പഹയന്‍ അന്ന്‍ രണ്ടിലോ മൂന്നിലോ ആയിരുന്നുപോലും. ഒരു ജാതി ഓര്‍മശക്തി തന്നെ.
                       വേളാങ്കണ്ണിയെ പറ്റി പലപ്പോഴായി കഥകള്‍ അനവധി കേട്ടിട്ടുണ്ടെങ്കിലും ,ഓര്‍മ്മവച്ച ശേഷം നേരില്‍ ഇതാദ്യം ആയിരുന്നു. യാത്ര ഉഷാര്‍ ആക്കണം. തിരുവനന്തപുരത്ത് നിന്നാരംഭിക്കുന്ന ടി എന്‍ ടി സി – യുടെ സ്ലീപ്പര്‍ ബസില്‍ അച്ഛന്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു. ക്രിസ്ത്മസ് ദിനം വൈകുന്നേരം പാറശാലയില്‍ നിന്ന് ബസ്‌ കയറണം. എല്ലാ വിശേഷ ദിവസങ്ങളിലെയും പോലെ അന്നും സദ്യ + നാടന്‍ കോഴി ആയിരുന്നു. ഇഞ്ചിയും അവിയലും സലാഡും അച്ചാറും നാടന്‍ കോഴിക്കറിയും... നാവില്‍ ഇപ്പോഴേ കപ്പല്‍ ഓടിക്കാം....
 
                        യാത്ര സുഖകരമായിരുന്നു. അതിരാവിലെ വേളാങ്കണ്ണിയിലെത്തി. ഹോട്ടലില്‍ റൂം എടുത്ത് ഫ്രഷ്‌ ആയ ശേഷം ഞങ്ങള്‍ പള്ളിയിലേക്ക്‌ നടന്നു. പള്ളിയില്‍നിന്നും അത്യാവശ്യം അകലെ ആയിരുന്നു ഞങ്ങള്‍ താമസിച്ച ഹോട്ടല്‍..., വര്‍ഷം പത്ത്-പതിനഞ്ച് കഴിഞ്ഞിരിക്കുന്നു വേളാങ്കണ്ണിയില്‍ അവസാനമായി വന്നിട്ട്. സ്വാഭാവികമായും വഴി തെറ്റി. കുറച്ചു മുന്നോട്ടു പോയപ്പോഴാണ് പണ്ടുകാലത്ത്‌ പള്ളിയിലേക്ക്‌ പോകാന്‍ ഉപയോഗിച്ചിരുന്ന വഴിയണെന്ന്   മനസിലായത്. കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ ഒരു തുരുമ്പിച്ച ബോര്‍ഡ്‌ കണ്ടു ;  "മാസ്സ് ടൈം : മലയാളം 9AM" . ആ ബോര്‍ഡ്‌ കണ്ടപ്പോള്‍ സന്തോഷമായി. മലയാളം മാസ്സ് കൂടാം എന്നും പറഞ്ഞു വേഗം പള്ളിയിലേക്ക്‌ വച്ചുപിടിച്ചു. മാസ്സ് തുടങ്ങുന്നതെ ഉള്ളൂ . പള്ളിയില്‍ ആള്‍ക്കാര്‍ തിങ്ങിനിരഞ്ഞിരിക്കുന്നു. പള്ളിയിലേക്കുള്ള നടപ്പാതയില്‍ പല കൌതുകം നിറഞ്ഞ കാഴ്ചകളും കണ്ടു. നേര്‍ച്ചയ്ക്കായി മൊട്ടയടിച്ചവര്‍ , മുട്ടിലിഴഞ്ഞു പാപപരിഹാരം അര്‍ദ്ധിക്കുന്നവര്‍ , പ്രാര്‍ഥനാ മന്ത്രങ്ങളുമായി മുന്നോട്ടു നീങ്ങുന്നവര്‍; എങ്ങും ഭക്തി നിര്‍ഭരമായ അന്തരീക്ഷം. 
                      പപ്പയും അമ്മയും ചേച്ചിയും പള്ളിയുടെ താഴത്തെ നിലയില്‍ കുര്‍ബാന കാണാന്‍ കയറി. ഞാനും ചേട്ടനും ചുറ്റുമുള്ള കൌതുക ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്ന തിരക്കിലായിരുന്നു. സമയം 9.30AM ; പെട്ടെന്ന് എങ്ങണ്ടുനിന്നോ സൈറന്‍ മുഴങ്ങുന്ന പോലെ ഒരു ശബ്ദം കേള്‍ക്കാന്‍ തുടങ്ങി. പരിഭ്രാന്തരായ കുറെ ആള്‍ക്കാര്‍ ദൂരെ നിന്നും തലങ്ങും വിലങ്ങും ഓടുന്നതും കണ്ടു. ഓടി പോകുന്നവരില്‍ ഒരാള്‍ "തീ" എന്നോ "ആക്സിഡെന്‍റ്"  എന്നോ വിളിച്ചു പറയുന്ന കേട്ടു. ഞാനും ചേട്ടനും അച്ഛന്‍റെയും അമ്മയുടെയും അടുക്കലെത്തി. ദേവാലയത്തിന് രണ്ടു നിലകള്‍ ഉണ്ടായിരുന്നു. പെട്ടെന്ന് തന്നെ ഞങ്ങള്‍ അഞ്ചു പേരും രണ്ടാം നിലയിലേക്ക് നീങ്ങി. മുകളിലത്തെ നിലയില്‍ എത്തിയപ്പോള്‍ , താഴെ നടപ്പാതയിലൂടെ വെള്ളം ഇരച്ചുകയറുന്ന കാഴ്ചയാണ് കണ്ടത്. പ്രളയം! വെള്ളത്തിന്റെ നില കൂടിക്കൂടി വന്നു. അഴുക്കും ചപ്പും ഒക്കെ കലര്‍ന്ന്‍ നല്ല കറുത്തിരുണ്ട വെള്ളം.
                            ജലനിരപ്പ് മിനിറ്റ് വച്ച് ഉയര്‍ന്നുകൊണ്ടിരുന്നു. കാര്‍, ജീപ്പ്  ഒരു കാറിനു മുകളില്‍ മറ്റൊരെണ്ണം , ടെമ്പോ വാനുകള്‍ എല്ലാം ആ ജലപ്പരപ്പിലൂടെ ഒഴുകി നടന്നു. എങ്ങും അലമുറകള്‍. കുറച്ചു നേരത്തേക്ക് ഞങ്ങളെല്ലാം സ്തബ്ധരായി.

 "ഇതെന്താ വേലിയേറ്റം ആണോ? ചേട്ടന്‍ ചോദിച്ചു. 

  "ആവാനും ആവാതിരിക്കാനും സാധ്യതയുണ്ട് " ഞാന്‍ മനസ്സില്‍ കരുതി. 
  
 അപ്പോളാണ് ചേച്ചി , " ഇനി വല്ല സുനാമിയും? "  

                കുറച്ചു നാള്‍ മുന്പ് balarama digest "സുനാമി"യെ കുറിച്ചായിരുന്നു. ആ വിവരം വച്ച് തട്ടി വിടുന്നതാണ്. ഞാന്‍ പുച്ഛിച്ച് തള്ളി. അതൊക്കെ അങ്ങ് ജപ്പാനില്‍ ഉണ്ടാകുന്ന ഐറ്റം അല്ലേ. 

                           ചേട്ടന്‍ ഉടനെ തന്നെ പോക്കറ്റില്‍ നിന്നും ഫോണ്‍ എടുത്തു. MBBS അഡ്മിഷന്‍ പ്രമാണിച്ച്
വാങ്ങികൊടുതതാണ്, Nokia 6600. ക്യാമറ , ബ്ലുടൂത്ത് , ഇന്റര്‍നെറ്റ്‌ എന്ന് വേണ്ട അതില്‍ ഇല്ലാത്തതായി ഒന്നും തന്നെ ഇല്ല. അന്ന് വരെ ഡെസ്ക്ടോപ്പ് കമ്പ്യൂട്ടര്‍ മാത്രം ഉപയോഗിച്ച ഞങ്ങള്‍ക്കൊക്കെ ഒരു അത്ഭുതം ആയിരുന്നു ആ മൊബൈല്‍ ഫോണ്‍. ചേട്ടന്‍ ഇന്റര്‍നെറ്റ്‌ തുറന്നു BBC-യുടെ സൈറ്റില്‍ നോക്കി. "എടാ സുനാമി! ഏഷ്യയില്‍ മുഴുവന്‍ ഉണ്ട്." ഞാന്‍ ചേച്ചിയെ ഒന്ന് രൂക്ഷമായി നോക്കി. വെറുതെയല്ല , "കരിനാക്കി" . 
                       അപ്പോഴേക്കും പള്ളിയുടെ ഉള്ളില്‍ കൂട്ടകരച്ചിലും നിലവിളിയും പ്രാര്‍ത്ഥനകളും കൊണ്ട് മുഖരിതമായിരുന്നു. കൂട്ടത്തിലുണ്ടായിരുന്നവരെ കാണാനില്ലാത്തവര്‍ , കൂട്ടം തെറ്റിയവര്‍ , വെറുതെ പേടി കൊണ്ട് മാത്രം അലമുറയിടുന്നവര്‍. 
ഞങ്ങള്‍ അഞ്ചു പേരും ഒരു ബെഞ്ചില്‍ ഇരിപ്പുറപ്പിച്ചു. പള്ളിയുടെ താഴത്തെ നിലയില്‍ വെള്ളം കയറി എന്നും ഇല്ല എന്നുമൊക്കെ ഓരോരുത്തര്‍ പറയുന്നുണ്ട്.മെയിന്‍ പള്ളി പൊക്കത്തില്‍ ആണ് പണിഞ്ഞിരിക്കുന്നത് , അതുകൊണ്ട് തന്നെ വെള്ളം അധികം പള്ളിയിലേക്ക് കയറിയില്ല. പള്ളിയുടെ ഇരുവശത്തുമായി രണ്ടു പ്രാര്‍ഥനാലയങ്ങള്‍ ഉണ്ടായിരുന്നു. അത് രണ്ടും പൂര്‍ണമായും മുങ്ങി പോയിരുന്നു. 
                     കുറച്ചു സമയം കഴിഞ്ഞപ്പോള്‍ വെള്ളം ഇറങ്ങിത്തുടങ്ങി. പിന്നീട് കണ്ട കാഴ്ച ഭീകരമായിരുന്നു. മനസ്സിനെ മരവിപ്പിക്കുന്ന ഒന്ന്‍. ശവപറമ്പ്‌! ഓരങ്ങളില്‍ തണുത്ത് മരവിച്ച ശരീരങ്ങള്‍ അടിഞ്ഞുകൂടിക്കിടക്കുന്നു. ഓളങ്ങള്‍ക്കൊപ്പം പല മൃതദേഹങ്ങളും തിരിഞ്ഞും മറിഞ്ഞും. ഹോ!

                        പുറത്ത് രക്ഷാപ്രവര്‍ത്തനം ചെറിയരീതിയില്‍ തുടങ്ങി എന്ന് തോന്നുന്നു. മുറിവേറ്റ പലരെയും പള്ളിയുടെ മുകളിലത്തെ നിലയിലേക്ക് കൊണ്ടുവന്നു. ഞങ്ങളിരുന്ന ബെഞ്ചിലും ഒരാള്‍ വന്നിരുന്നു. അദേഹത്തിന്റെ ശരീരത്തിലുടനീളം പരിക്കുകള്‍ ഉണ്ടായിരുന്നു. വസ്ത്രം അങ്ങിങ് കീറിയിരിക്കുന്നു. കരഞ്ഞു തളര്‍ന്ന ആ മനുഷ്യന്റെ കഥകേട്ട് ഞങ്ങള്‍ ഞെട്ടിത്തരിച്ചുപോയി. മകനും ഭാര്യയുമൊത്ത് വന്നതാണ് അദ്ദേഹം. വെള്ളം ഇരച്ചുകയറിയപ്പോള്‍ ഒരു മരത്തില്‍ പിടികിട്ടിയതിനാല്‍ രക്ഷപ്പെട്ടതാണ്. മകനും രക്ഷപ്പെട്ടുകാണും എന്ന് കരുതുന്നു. പക്ഷെ വയ്യാത്ത ഭാര്യ....ആ മനുഷ്യനെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കാനാണ്.

                      വീണ്ടും കൂട്ടനിലവിളി കേട്ടാണ് പുറത്തേക്കിറങ്ങി നോക്കിയത്. സമയം ഏതാണ്ട് 10.30 , വീണ്ടും വെള്ളം ഇരച്ചുകയരുകയാണ്. ഇത്തവണ മുന്‍പിലത്തെക്കാളും ശക്തിയിലാണ് വെള്ളപ്പൊക്കo. ചെളിയും ചപ്പും നിറഞ്ഞു കലങ്ങി മറിഞ്ഞ കടല്‍ വെള്ളം. കാറുകളും ബൈക്കും എന്തിനു ടെമ്പോ ട്രവേല്ലെര്‍ വരെ ഒഴുകിനടക്കുന്നു. ദേവാലയത്തിനുള്ളില്‍ നിലവിളികള്‍ക്ക്‌ ശക്തികൂടിയിരിക്കുന്നു. അല്ലെങ്കിലും ഇങ്ങനൊരു സന്ദര്‍ഭത്തിലാണല്ലോ  നമ്മുടെ എല്ലാം ഉള്ളില്‍ ഒളിഞ്ഞു കിടക്കുന്ന ആ ജന്‍മസഹജമായ ഭീതിയും നിസഹായാവസ്ഥയും പുറത്ത് വരിക. ഞാന്‍ അമ്മയോട് ചേര്‍ന്നിരുന്നു. പേടി ഞങ്ങള്‍ കുട്ടികളെ ബാധിച്ചു തുടങ്ങിയിരുന്നു. ഞാന്‍ അച്ഛനെ നോക്കി , അച്ഛന്‍ എന്റെ മുഖത്തേക്ക് നോക്കി ശാന്തമായി ഒന്ന് ചിരിച്ചു. എന്നിട്ട് സാരമില്ല എന്ന് കണ്ണ് കൊണ്ട് ഒരാന്ഗ്യം കാട്ടി. 
             
                  മണിക്കൂറുകള്‍ ഇഴഞ്ഞു നീങ്ങി. 11.45നു വീണ്ടും വെള്ളം കയറി. വെള്ളത്തിന്‌ പഴയ ശക്തിയില്ല എന്നെനിക്കു തോന്നി. അല്ലേല്‍ തന്നെ എങ്ങനെ അറിയാനാണ് , ചുറ്റും ഒരു കടലിന്റെ പ്രതീതി ജനിപ്പിക്കുമാറ് വെള്ളം നിറഞ്ഞിരിക്കുന്നു. എങ്ങും അലമുറകള്‍ മാത്രം. ഒരു ചിന്ത മനസിലൂടെ വന്നു പോയി . നിറത്തിന്റെയും ജാതിയുടെയും പേരില്‍ "ഞാന്‍" എന്ന് നടിക്കുന്നവര്‍ക്ക് പോലും ഇപ്പോള്‍ ഒരൊറ്റ വികാരം ആണ്; "ഭയം".നിലനില്‍പ്പിന്റെ പ്രശ്നം വരുമ്പോള്‍ മനുഷ്യന് ജാതിയില്ല ,മതമില്ല ,വര്‍ണ-വര്‍ഗ ഭേതങ്ങള്‍ ഒന്നുംതന്നെയില്ല. അപ്പോഴാണ്‌ മനുഷ്യന്‍ തന്റെ സഹയാത്രികരെ തുറന്ന കണ്ണോടുകൂടി കാണുക. 
                        എങ്ങും പ്രാര്‍ത്ഥനാ മന്ത്രങ്ങള്‍ നിറയുന്നു ഒപ്പം അലമുറകളും. ഭാഷ ഏതായാലും അര്‍ത്ഥം നമുക്കൂഹിക്കാം. "ദൈവമേ എന്നെ കാത്തുകൊള്ളേണമേ , ഞാന്‍ ജീവിതകാലം മുഴുവന്‍ നല്ലവനായി ജീവിച്ചു കൊള്ളാമെ". ഞങ്ങള്‍ മൂന്നുപേരും ദേവാലയത്തിന്റെ ബാല്കണിയില്‍ നിന്ന് ചുറ്റും നോക്കി. ഭീതി ജനകമായ കാഴ്ചകള്‍. വെള്ളം തങ്ങി നില്‍ക്കുന്ന ചരിവുകളില്‍ മൃതദേഹങ്ങള്‍ അടിഞ്ഞു കിടക്കുന്നു. അവയ്ക്കുമേല്‍ കാറ്റിനൊപ്പം ഓളം അലതെല്ലുന്നു. ചില ഓരങ്ങളില്‍ കാറുകള്‍ ഒന്നിന് മീതെ മറ്റൊന്ന്‍ എന്നനിലയില്‍. പല വാഹനങ്ങളും അനന്തസീമയിലെക്ക് എന്നവണ്ണം ഒഴുകിനടക്കുന്നു. മനുഷ്യന്‍ എത്ര നിസഹായനാണെന്ന്‍ അന്നെനിക്ക് മനസിലായി. ശാസ്ത്രം ഇത്രയധികം പുരോഗമിച്ച ഇരുപത്തിഒന്നാം നൂറ്റാണ്ടിലും , അര കിലോമീറ്റര്‍ കടല്‍ ഒള്ളില്‍ കടന്നാല്‍ മനുഷ്യന്‍ വിറച്ചു പോകും. "ക്ഷണപ്രഭാചന്ജലം" മനുഷ്യ ജീവനെ എഴുത്തച്ചന്‍ എന്ത് മനോഹരമായാണ് വര്‍ണിച്ചിരിക്കുന്നത്.
                  
             വീണ്ടും മണിക്കൂറുകള്‍ കടന്നു പോയി.വെള്ളം കുറേശ്ശെ ഇറങ്ങിതുടങ്ങി. ജലനിരപ്പ്‌ താഴുന്നതോടൊപ്പം ചുറ്റുമുള്ള കാഴ്ചകള്‍ ഭീഭല്‍സമായിമാറി കൊണ്ടിരുന്നു.എങ്ങും ശവശരീരങ്ങള്‍ മാത്രം.മലയാളം കുര്‍ബാനയുടെ സമയമായിരുന്നതിനാല്‍ ഭൂരിഭാഗം മലയാളികളും പള്ളിയില്‍ ഉണ്ടായിരുന്നു.പള്ളിക്കകത്തെ അലമുറകള്‍ക്ക് അപ്പോഴും ഒരു ശമനവും വന്നിട്ടില്ലായിരുന്നു.
  
                        അപ്പോഴും സംഭവത്തിന്‍റെ ഭീകരത പൂര്‍ണമായും ഞാന്‍ ഉള്‍കൊണ്ടിട്ടില്ലായിരുന്നു. സമയം മൂന്നരയോടടുത്തപ്പോള്‍ താഴേക്ക് പോകാം എന്ന് ഞങ്ങള്‍ തീരുമാനിച്ചു. എങ്ങിനെയും അവിടുന്ന് രക്ഷപ്പെടുക എന്നുമാത്രമേ അപ്പോള്‍ മനസ്സില്‍ ഉണ്ടായിരുന്നുളൂ. തിരിഞ്ഞു ചിന്തിക്കുമ്പോള്‍ അങ്ങനെ ഒരു സന്ദര്‍ഭത്തില്‍ തീരുമാനം എടുക്കാന്‍ മാത്രം കാര്യപ്രപ്തിയൊന്നും എനിക്കന്നില്ലയിരുന്നു എന്നുതെന്നെവേണം അനുമാനിക്കാന്‍. അച്ഛനും അമ്മയും എടുത്ത തീരുമാനങ്ങള്‍ ഞങ്ങള്‍ അനുസരിച്ചു. ഇനിയും വെള്ളപൊക്കം ഉണ്ടായാലോ? രണ്ടും കല്പിച്ചു ഞങ്ങള്‍ ഇറങ്ങി നടന്നു. പള്ളിയുടെ മുന്‍പില്‍ മുട്ടുവരെ വെള്ളം ഉണ്ട്. താഴെ ഇറങ്ങിയപ്പോള്‍ വൈദികര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഭക്ഷണവും വെള്ളവും ഒക്കെ കൊടുക്കുന്നുണ്ട്. 
                           നടക്കുന്ന വെള്ളം ഏതാണ്ട് കറുത്തിരുണ്ടിരിക്കുന്നു. വേളാങ്കണ്ണിയില്‍ കാലങ്ങളായുള്ള മാലിന്യം മുഴുവനും കടല്‍ വെള്ളം കഴുകി ഇറക്കിയിരുന്നു. "ഇനി ദൈവം  ഒരു ശുദ്ധികലശം നടത്തിയതാണോ?" 

 "അനന്തം അജ്ഞാതം അവര്‍ണനീയം ,
 ഈ ലോക ഗോളം തിരിയുന്ന മാര്‍ഗം .
 അതിങ്ങലെങ്ങടൊരിടതിരുന്നു നോക്കുന്ന
 മര്‍ത്യന്‍ കഥ എന്ത് കണ്ടു."

                        വഴിമധ്യേ ഒരു പോലീസുകാരനെ കണ്ടു. എന്ത് ചെയ്യണം സാറെ എന്ന് ചോദിച്ചപ്പോള്‍ ; " എങ്കയോ പോ അയ്യാ, ഇന്ത ഇടതുന്നിന്നു എസ്കേപ് പണ്ണിട്" എന്നോ മറ്റോ പറഞ്ഞു. ഇത്ര വലിയ തീര്‍ഥാടന കേന്ദ്രമായിട്ടു കൂടി ഭരണകൂടത്തിന്‍റെ ഭാഗത്തു നിന്നും യാതൊരുവിധ രക്ഷാപ്രവര്‍ത്തനവും ഇല്ല എന്ന സത്യം എന്നെ അതിശയിപിച്ചു.

                     ഇടയ്ക്ക് സൈക്കിള്‍ റിക്ഷകളും , മണിയടി പലഹാരം കൊണ്ടുപോകുന്ന ഉന്തുവണ്ടികളും ഉറക്കെ മണിമുഴക്കി കൊണ്ട് പോകുന്നുണ്ടായിരുന്നു. ചക്കുമൂടിയ അവയുടെ വശങ്ങളില്‍ നിന്ന് നീണ്ടു നിന്ന വിറങ്ങലിച്ച കാലുകള്‍ പിന്നീടു പല രാത്രികളിലും എന്നെ വേട്ടയാടിയിരുന്നു.ഒരു വിധത്തില്‍ വെള്ളം കയറിയ പ്രദേശം കടന്നു. എല്ലായിടത്തും ആളുകള്‍ പരിഭ്രാന്തരായി കൂട്ടപലായനം ചെയ്യുകയാണ്.വലിയ ടുറിസ്റ്റ് ബസുകള്‍ തിരിച്ചു പോകാനായി വട്ടം കൂട്ടുന്നു. പലയിടത്തും കല്ലും വടിയും പിടിച്ച ആളുകള്‍ അത്തരം ബസുകള്‍ തടഞ്ഞുനിര്‍ത്തി സാധാരണക്കാരെയും അവയില്‍ കയറ്റി വിടുന്നു.മിക്ക വാഹനങ്ങളും കുറച്ചു മുന്‍പില്‍ ചെന്ന് ഈ ഭീഷണിപെടുത്തി കയറ്റിയവരെയെല്ലാം ഇറക്കിവിട്ടിട്ടു പോകുന്നു.ആകെമൊത്തം ഒരു സംഘര്‍ഷകലുഷിതമായ അന്തരീക്ഷം. അപ്പോഴും ഗവണ്‍മെന്‍റ്‍ വാഹനങ്ങളോ ദ്രുതകര്‍മ സേനയോ അവിടൊങ്ങും കണ്ടില്ല.
                    ഹോട്ടല്‍ ഇച്ചിരെ ദൂരെ ആയിരുന്നതുകൊണ്ട് സാധനങ്ങള്‍ ഒന്നും നഷ്ടപെട്ടില്ല. ഹോട്ടല്‍ റിസപ്ഷനില്‍ ഉള്ളവര്‍ നേരത്തെ തന്നെ സ്ഥലം കാലിയാക്കിയിരുന്നു.ഞങ്ങള്‍ ലഗേജും എടുത്ത് നടക്കാന്‍ തുടങ്ങി. ആര്‍ക്കും എന്താ ചെയ്യേണ്ടതെന്ന്‍ ഒരു ഊഹംവും ഉള്ളതായി എനിക്ക് തോന്നിയില്ല. കുറച്ചു നടന്നപ്പോള്‍ മെയിന്‍ റോഡ്‌ എത്തി. ഇടക്കിടക്ക് ബസ്‌ വരുന്നുണ്ട്. എന്നാല്‍ വരുന്ന ബസില്‍ എല്ലാം  ആളുകള്‍ തിങ്ങിനിറഞ്ഞു നില്‍ക്കുന്നു. ഭാഗ്യത്തിന് ഒരു ബസ്‌ നന്നേ തിരക്കില്ലാണ്ട് വന്നു. ഞങ്ങള്‍ വേഗം അതില്‍ കയറി. തൊട്ടടുത്തുള്ള നാഗപട്ടണം ബസ്‌സ്റ്റേഷന്‍ വരെ ആയിരുന്നു ആ ബസ്‌. നാഗൂര്‍ റെയില്‍വേസ്റ്റേഷന്‍ അടുത്താണെന്നും അവിടെ നിന്നും ട്രെയിന്‍ കിട്ടും എന്നുമൊക്കെ ഒരാള്‍ പറഞ്ഞു. ഞങ്ങള്‍ അന്ന് രാത്രിയിലെ ബസില്‍ ആണ് ടിക്കറ്റ്‌ ബുക്ക്‌ ചെയ്തിരുന്നത്. അവിടത്തെ തിരക്കും , അന്തരീക്ഷവും വച്ച് ആ ബസ്‌ സര്‍വീസ് ഉണ്ടാകാന്നുള്ള സാധ്യത തുലോം നേരിയതായിരുന്നു.
                           ബസ്‌ കാത്ത് നില്‍ക്കണോ അതോ ട്രെയിന്‍ കിട്ടുമോ എന്ന് നോക്കണോ ഒരു എത്തുംപിടിയും കിട്ടുന്നില്ല. മധുര വരെയുള്ള ബസ്‌ കിട്ടാന്‍ സാദ്ധ്യത ഉണ്ടെന്നു അച്ഛന്‍ അന്വേഷിച്ച് പറഞ്ഞു. പക്ഷെ ആ ബസ്‌ സ്റ്റാന്‍ഡില്‍ വന്നു പോകുന്ന എല്ലാ ബസും ലാഡറും എന്തിനു മുകള്‍ ഭാഗംവരെ ആള്‍ക്കാരെ കൊണ്ട് നിറഞ്ഞാണ് പോകുന്നത്. ആകെ വലഞ്ഞു നില്‍ക്കുമ്പോളാണ് ദൈവം പറഞ്ഞുവിട്ടത് പോലെ "തിരുവനന്തപുരം ബസ്‌ " തൊട്ടു മുന്‍പില്‍ കൊണ്ട് നിര്‍ത്തി. ഞങ്ങള്‍ വന്ന അതെ ബസ്‌ , അതെ ഡ്രൈവര്‍ അതെ കണ്ടക്ടര്‍. ഞങ്ങളെ കണ്ടക്ടര്‍ക്ക് ഒാര്‍മയുണ്ടായിരുന്നു. ആദ്യം തന്നെ കയറാന്‍ പറ്റി. സീറ്റും കിട്ടി.ഞാന്‍ അമ്മയുടെ അടുത്തിരുന്നു.ബസ്‌ പെട്ടെന്ന് തന്നെ ആള്‍ക്കാരെ കൊണ്ട് നിറഞ്ഞു. ബസ്‌ അവിടെ നിന്നും എടുക്കുമ്പോള്‍ , വീണ്ടും വെള്ളം കയറുന്നെന്നോ മറ്റോ ആരൊക്കെയോ നിലവിളിച്ചു കൊണ്ട് ഓടുന്നുണ്ടായിരുന്നു. 
                     ബസ്‌ സ്റ്റേഷന്‍ വിട്ടു മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു. ജനാലയിലൂടെ നോക്കിയിരുന്നപ്പോള്‍ അവിടത്തെ ജീവിത ചിത്രം കുറച്ചൊക്കെ വ്യക്തമായി. ജീവനും കൊണ്ട് പലായനം ചെയ്യുന്ന എല്ലും തോലുമായ മനുഷ്യര്‍.കാളവണ്ടിയിലും ഉന്തുവണ്ടിയിലും സാധനങ്ങള്‍ കുത്തിനിറച്ച് കുഞ്ഞുകുട്ടി പരിവാരങ്ങളുമായി രക്ഷപെടുകയാണ്. അപ്പോഴേക്കും ഭയവും ക്ഷീണവും എന്നെ വല്ലാണ്ട് കീഴ്പ്പെടുത്തികളഞ്ഞിരുന്നു.അമ്മയോട് കുഞ്ഞുനാളിലെന്നപോലെ ഞാന്‍ പറ്റിചേര്‍ന്നിരുന്നു. പിന്നെ അമ്മയുടെ മടിയില്‍ തലവച്ചു കിടന്നുറങ്ങി.
                    പിറ്റേന്ന് പുലര്‍ച്ചെ പാറശാല എത്തിയപ്പോളാണ് ഞാന്‍ കണ്ണ് തുറന്നത്. രാവിലെ ഒന്‍പത് മണിയായപ്പോഴേക്കും ഞങ്ങള്‍ വീട്ടില്‍ തിരിച്ചെത്തി. നാട്ടുകാരൊക്കെ കാര്യങ്ങള്‍ അറിഞ്ഞു വരുന്നതെ ഉള്ളൂ. അന്വേഷിച് തുടങ്ങും മുന്പ് തന്നെ തിരിച്ചെത്തിയാതിനാല്‍ വലിയ സംഭ്രമങ്ങള്‍ക്കൊന്നും വഴിവച്ചില്ല. ടിവിയും പത്രവും നോക്കിയപ്പോള്‍ ആണ് ഇരുപത്തിഒന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളില്‍ ഒന്നിന്നാണ് ഞാന്‍ ദൃക്‍സാക്ഷിയായത് എന്ന സത്യം മനസിലായത്. പത്രത്തിലെ ആദ്യ ചിത്രം എന്നെ ഞെട്ടിച്ചു കളഞ്ഞു. "നാഗൂര്‍ റെയില്‍വേ സ്റ്റേഷന്‍ സുനാമിയില്‍ തകര്‍ന്ന നിലയില്‍".
                         തിരിച്ചറിയുകയായിരുന്നു ഒരു കവചം പോലെ ദൈവം കൂടെ ഉണ്ടായിരുന്നത്. ഞങ്ങള്‍ക്ക് വഴി തെറ്റിയില്ലയിരുന്നെങ്കില്‍ , മലയാളം കുര്‍ബാനയുടെ ബോര്‍ഡ്‌ കണ്ടില്ലായിരുന്നെങ്കില്‍,ഒരു പത്ത് മിനിറ്റ് മുന്‍പാണ് സുനാമി അടിചിരുന്നതെങ്കില്‍. അന്നവിടെ പൊലിഞ്ഞുപോയ ആയിരം ജീവിതങ്ങളില്‍ ഒന്നയേനെ ഞാനും.

                         പിന്നീടു കുറെ കാലം കടല്‍ എന്ന് കേള്‍ക്കുന്നതേ പേടിയായിരുന്നു.ഒരു വര്‍ഷത്തിനു ശേഷം ജൂലൈ മാസത്തില്‍ ഞങ്ങള്‍ വീണ്ടും വേളാങ്കണ്ണിക്ക് പോയി. സുനാമിയുടെ ഞെട്ടലില്‍ നിന്നും അവര്‍ കരകയറുന്നത്തെ ഉള്ളൂ. എന്നെ ഏറ്റവും അത്ഭുതപെടുത്തിയത് വേളാങ്കണ്ണി കടല്‍ ആയിരുന്നു. ഒരു തിരമാല പോലും ഇല്ല. ശാന്തമായ ഒരു തടാകം പോലെ. എന്തിനോ വേണ്ടി തുടിക്കുന്ന പേടിപ്പിക്കുന്ന ശാന്തത.






             
                            
                                   

         

0 comments:

Post a Comment

 
;