Friday, May 2, 2014 0 comments

ഒരു സുനാമിയുടെ ഓര്‍മ്മക്കായ്

"ഓര്‍ക്കാപ്പുറത്ത് വന്ന സുനാമിയില്‍ സ്വന്തം ജീവനും സ്വപ്നങ്ങളും പൊലിഞ്ഞു പോയ ആയിരങ്ങളുടെ പാവന സ്മരണയ്ക്ക് മുന്‍പില്‍  സമര്‍പ്പിക്കുന്നു."

                  ഓര്‍മയില്‍ ഇന്നും ഒരു ഞെട്ടലാണ്. സന്തോഷത്തിന്റെയും ശാന്തിയുടെയും പുതുമലരുകളുമായെത്തിയ ഡിസംബറിലെ കോച്ചുന്ന തണുപ്പിന്‍റെ ആലസ്യത്തില്‍ നിന്നും ലോകം അന്നു ഉണര്‍ന്നത്‌ ഞെട്ടിക്കുന്ന ഒരു വാര്‍ത്ത‍ കേട്ടുകൊണ്ടാണ്. ഇന്തോനേഷ്യയില്‍ ഭൂകമ്പം...സുനാമിത്തിരകള്‍ തെക്കേ ഏഷ്യയെ മുക്കി.....

                                  അന്ന് ഞാന്‍ 
സെന്‍റ് ജോണ്‍സ് എച്ച് എസ് എസ് ഉണ്ടെന്‍കോടിലെ  – ലെ 12-)൦ ക്ലാസ്സ്‌ വിദ്യാര്‍ത്ഥിയാണ്. ചേട്ടന് MBBS പ്രവേശനം ലഭിച്ചതിന്‍റെ സന്തോഷം വളരെ വിരളമായ് മാത്രം നടക്കാറുള്ള ഒരു ട്രിപ്പ്‌ ആയി പ്ലാന്‍ ചെയ്തത് അപ്പോഴായിരുന്നു. യാത്രക്ക് വേളാങ്കണ്ണി തന്നെ തിരഞ്ഞെടുത്തത്‌ അമ്മയാണ്. മകന് എന്‍ട്രന്‍സ് കിട്ടിയാല്‍ വേളാങ്കണ്ണി മാതാവിന് നേര്‍ച്ച നേര്‍ന്നിരുന്നു അമ്മ. ഞങ്ങളുടെ മാമോദീസ വേളാങ്കണ്ണിയില്‍ വച്ചായിരുന്നെന്നും , അന്ന്‍ കുടുംബക്കാര്‍ മുഴുവനും ഒരു വലിയ ടൂര്‍ ആയി പോയിയെന്നുമൊക്കെ കുഞ്ഞുന്നാളില്‍ ചേട്ടന്‍ പറഞ്ഞു തന്നിട്ടുണ്ട്. പഹയന്‍ അന്ന്‍ രണ്ടിലോ മൂന്നിലോ ആയിരുന്നുപോലും. ഒരു ജാതി ഓര്‍മശക്തി തന്നെ.
                       വേളാങ്കണ്ണിയെ പറ്റി പലപ്പോഴായി കഥകള്‍ അനവധി കേട്ടിട്ടുണ്ടെങ്കിലും ,ഓര്‍മ്മവച്ച ശേഷം നേരില്‍ ഇതാദ്യം ആയിരുന്നു. യാത്ര ഉഷാര്‍ ആക്കണം. തിരുവനന്തപുരത്ത് നിന്നാരംഭിക്കുന്ന ടി എന്‍ ടി സി – യുടെ സ്ലീപ്പര്‍ ബസില്‍ അച്ഛന്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു. ക്രിസ്ത്മസ് ദിനം വൈകുന്നേരം പാറശാലയില്‍ നിന്ന് ബസ്‌ കയറണം. എല്ലാ വിശേഷ ദിവസങ്ങളിലെയും പോലെ അന്നും സദ്യ + നാടന്‍ കോഴി ആയിരുന്നു. ഇഞ്ചിയും അവിയലും സലാഡും അച്ചാറും നാടന്‍ കോഴിക്കറിയും... നാവില്‍ ഇപ്പോഴേ കപ്പല്‍ ഓടിക്കാം....
 
                        യാത്ര സുഖകരമായിരുന്നു. അതിരാവിലെ വേളാങ്കണ്ണിയിലെത്തി. ഹോട്ടലില്‍ റൂം എടുത്ത് ഫ്രഷ്‌ ആയ ശേഷം ഞങ്ങള്‍ പള്ളിയിലേക്ക്‌ നടന്നു. പള്ളിയില്‍നിന്നും അത്യാവശ്യം അകലെ ആയിരുന്നു ഞങ്ങള്‍ താമസിച്ച ഹോട്ടല്‍..., വര്‍ഷം പത്ത്-പതിനഞ്ച് കഴിഞ്ഞിരിക്കുന്നു വേളാങ്കണ്ണിയില്‍ അവസാനമായി വന്നിട്ട്. സ്വാഭാവികമായും വഴി തെറ്റി. കുറച്ചു മുന്നോട്ടു പോയപ്പോഴാണ് പണ്ടുകാലത്ത്‌ പള്ളിയിലേക്ക്‌ പോകാന്‍ ഉപയോഗിച്ചിരുന്ന വഴിയണെന്ന്   മനസിലായത്. കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ ഒരു തുരുമ്പിച്ച ബോര്‍ഡ്‌ കണ്ടു ;  "മാസ്സ് ടൈം : മലയാളം 9AM" . ആ ബോര്‍ഡ്‌ കണ്ടപ്പോള്‍ സന്തോഷമായി. മലയാളം മാസ്സ് കൂടാം എന്നും പറഞ്ഞു വേഗം പള്ളിയിലേക്ക്‌ വച്ചുപിടിച്ചു. മാസ്സ് തുടങ്ങുന്നതെ ഉള്ളൂ . പള്ളിയില്‍ ആള്‍ക്കാര്‍ തിങ്ങിനിരഞ്ഞിരിക്കുന്നു. പള്ളിയിലേക്കുള്ള നടപ്പാതയില്‍ പല കൌതുകം നിറഞ്ഞ കാഴ്ചകളും കണ്ടു. നേര്‍ച്ചയ്ക്കായി മൊട്ടയടിച്ചവര്‍ , മുട്ടിലിഴഞ്ഞു പാപപരിഹാരം അര്‍ദ്ധിക്കുന്നവര്‍ , പ്രാര്‍ഥനാ മന്ത്രങ്ങളുമായി മുന്നോട്ടു നീങ്ങുന്നവര്‍; എങ്ങും ഭക്തി നിര്‍ഭരമായ അന്തരീക്ഷം. 
                      പപ്പയും അമ്മയും ചേച്ചിയും പള്ളിയുടെ താഴത്തെ നിലയില്‍ കുര്‍ബാന കാണാന്‍ കയറി. ഞാനും ചേട്ടനും ചുറ്റുമുള്ള കൌതുക ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്ന തിരക്കിലായിരുന്നു. സമയം 9.30AM ; പെട്ടെന്ന് എങ്ങണ്ടുനിന്നോ സൈറന്‍ മുഴങ്ങുന്ന പോലെ ഒരു ശബ്ദം കേള്‍ക്കാന്‍ തുടങ്ങി. പരിഭ്രാന്തരായ കുറെ ആള്‍ക്കാര്‍ ദൂരെ നിന്നും തലങ്ങും വിലങ്ങും ഓടുന്നതും കണ്ടു. ഓടി പോകുന്നവരില്‍ ഒരാള്‍ "തീ" എന്നോ "ആക്സിഡെന്‍റ്"  എന്നോ വിളിച്ചു പറയുന്ന കേട്ടു. ഞാനും ചേട്ടനും അച്ഛന്‍റെയും അമ്മയുടെയും അടുക്കലെത്തി. ദേവാലയത്തിന് രണ്ടു നിലകള്‍ ഉണ്ടായിരുന്നു. പെട്ടെന്ന് തന്നെ ഞങ്ങള്‍ അഞ്ചു പേരും രണ്ടാം നിലയിലേക്ക് നീങ്ങി. മുകളിലത്തെ നിലയില്‍ എത്തിയപ്പോള്‍ , താഴെ നടപ്പാതയിലൂടെ വെള്ളം ഇരച്ചുകയറുന്ന കാഴ്ചയാണ് കണ്ടത്. പ്രളയം! വെള്ളത്തിന്റെ നില കൂടിക്കൂടി വന്നു. അഴുക്കും ചപ്പും ഒക്കെ കലര്‍ന്ന്‍ നല്ല കറുത്തിരുണ്ട വെള്ളം.
                            ജലനിരപ്പ് മിനിറ്റ് വച്ച് ഉയര്‍ന്നുകൊണ്ടിരുന്നു. കാര്‍, ജീപ്പ്  ഒരു കാറിനു മുകളില്‍ മറ്റൊരെണ്ണം , ടെമ്പോ വാനുകള്‍ എല്ലാം ആ ജലപ്പരപ്പിലൂടെ ഒഴുകി നടന്നു. എങ്ങും അലമുറകള്‍. കുറച്ചു നേരത്തേക്ക് ഞങ്ങളെല്ലാം സ്തബ്ധരായി.

 "ഇതെന്താ വേലിയേറ്റം ആണോ? ചേട്ടന്‍ ചോദിച്ചു. 

  "ആവാനും ആവാതിരിക്കാനും സാധ്യതയുണ്ട് " ഞാന്‍ മനസ്സില്‍ കരുതി. 
  
 അപ്പോളാണ് ചേച്ചി , " ഇനി വല്ല സുനാമിയും? "  

                കുറച്ചു നാള്‍ മുന്പ് balarama digest "സുനാമി"യെ കുറിച്ചായിരുന്നു. ആ വിവരം വച്ച് തട്ടി വിടുന്നതാണ്. ഞാന്‍ പുച്ഛിച്ച് തള്ളി. അതൊക്കെ അങ്ങ് ജപ്പാനില്‍ ഉണ്ടാകുന്ന ഐറ്റം അല്ലേ. 

                           ചേട്ടന്‍ ഉടനെ തന്നെ പോക്കറ്റില്‍ നിന്നും ഫോണ്‍ എടുത്തു. MBBS അഡ്മിഷന്‍ പ്രമാണിച്ച്
വാങ്ങികൊടുതതാണ്, Nokia 6600. ക്യാമറ , ബ്ലുടൂത്ത് , ഇന്റര്‍നെറ്റ്‌ എന്ന് വേണ്ട അതില്‍ ഇല്ലാത്തതായി ഒന്നും തന്നെ ഇല്ല. അന്ന് വരെ ഡെസ്ക്ടോപ്പ് കമ്പ്യൂട്ടര്‍ മാത്രം ഉപയോഗിച്ച ഞങ്ങള്‍ക്കൊക്കെ ഒരു അത്ഭുതം ആയിരുന്നു ആ മൊബൈല്‍ ഫോണ്‍. ചേട്ടന്‍ ഇന്റര്‍നെറ്റ്‌ തുറന്നു BBC-യുടെ സൈറ്റില്‍ നോക്കി. "എടാ സുനാമി! ഏഷ്യയില്‍ മുഴുവന്‍ ഉണ്ട്." ഞാന്‍ ചേച്ചിയെ ഒന്ന് രൂക്ഷമായി നോക്കി. വെറുതെയല്ല , "കരിനാക്കി" . 
                       അപ്പോഴേക്കും പള്ളിയുടെ ഉള്ളില്‍ കൂട്ടകരച്ചിലും നിലവിളിയും പ്രാര്‍ത്ഥനകളും കൊണ്ട് മുഖരിതമായിരുന്നു. കൂട്ടത്തിലുണ്ടായിരുന്നവരെ കാണാനില്ലാത്തവര്‍ , കൂട്ടം തെറ്റിയവര്‍ , വെറുതെ പേടി കൊണ്ട് മാത്രം അലമുറയിടുന്നവര്‍. 
ഞങ്ങള്‍ അഞ്ചു പേരും ഒരു ബെഞ്ചില്‍ ഇരിപ്പുറപ്പിച്ചു. പള്ളിയുടെ താഴത്തെ നിലയില്‍ വെള്ളം കയറി എന്നും ഇല്ല എന്നുമൊക്കെ ഓരോരുത്തര്‍ പറയുന്നുണ്ട്.മെയിന്‍ പള്ളി പൊക്കത്തില്‍ ആണ് പണിഞ്ഞിരിക്കുന്നത് , അതുകൊണ്ട് തന്നെ വെള്ളം അധികം പള്ളിയിലേക്ക് കയറിയില്ല. പള്ളിയുടെ ഇരുവശത്തുമായി രണ്ടു പ്രാര്‍ഥനാലയങ്ങള്‍ ഉണ്ടായിരുന്നു. അത് രണ്ടും പൂര്‍ണമായും മുങ്ങി പോയിരുന്നു. 
                     കുറച്ചു സമയം കഴിഞ്ഞപ്പോള്‍ വെള്ളം ഇറങ്ങിത്തുടങ്ങി. പിന്നീട് കണ്ട കാഴ്ച ഭീകരമായിരുന്നു. മനസ്സിനെ മരവിപ്പിക്കുന്ന ഒന്ന്‍. ശവപറമ്പ്‌! ഓരങ്ങളില്‍ തണുത്ത് മരവിച്ച ശരീരങ്ങള്‍ അടിഞ്ഞുകൂടിക്കിടക്കുന്നു. ഓളങ്ങള്‍ക്കൊപ്പം പല മൃതദേഹങ്ങളും തിരിഞ്ഞും മറിഞ്ഞും. ഹോ!

                        പുറത്ത് രക്ഷാപ്രവര്‍ത്തനം ചെറിയരീതിയില്‍ തുടങ്ങി എന്ന് തോന്നുന്നു. മുറിവേറ്റ പലരെയും പള്ളിയുടെ മുകളിലത്തെ നിലയിലേക്ക് കൊണ്ടുവന്നു. ഞങ്ങളിരുന്ന ബെഞ്ചിലും ഒരാള്‍ വന്നിരുന്നു. അദേഹത്തിന്റെ ശരീരത്തിലുടനീളം പരിക്കുകള്‍ ഉണ്ടായിരുന്നു. വസ്ത്രം അങ്ങിങ് കീറിയിരിക്കുന്നു. കരഞ്ഞു തളര്‍ന്ന ആ മനുഷ്യന്റെ കഥകേട്ട് ഞങ്ങള്‍ ഞെട്ടിത്തരിച്ചുപോയി. മകനും ഭാര്യയുമൊത്ത് വന്നതാണ് അദ്ദേഹം. വെള്ളം ഇരച്ചുകയറിയപ്പോള്‍ ഒരു മരത്തില്‍ പിടികിട്ടിയതിനാല്‍ രക്ഷപ്പെട്ടതാണ്. മകനും രക്ഷപ്പെട്ടുകാണും എന്ന് കരുതുന്നു. പക്ഷെ വയ്യാത്ത ഭാര്യ....ആ മനുഷ്യനെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കാനാണ്.

                      വീണ്ടും കൂട്ടനിലവിളി കേട്ടാണ് പുറത്തേക്കിറങ്ങി നോക്കിയത്. സമയം ഏതാണ്ട് 10.30 , വീണ്ടും വെള്ളം ഇരച്ചുകയരുകയാണ്. ഇത്തവണ മുന്‍പിലത്തെക്കാളും ശക്തിയിലാണ് വെള്ളപ്പൊക്കo. ചെളിയും ചപ്പും നിറഞ്ഞു കലങ്ങി മറിഞ്ഞ കടല്‍ വെള്ളം. കാറുകളും ബൈക്കും എന്തിനു ടെമ്പോ ട്രവേല്ലെര്‍ വരെ ഒഴുകിനടക്കുന്നു. ദേവാലയത്തിനുള്ളില്‍ നിലവിളികള്‍ക്ക്‌ ശക്തികൂടിയിരിക്കുന്നു. അല്ലെങ്കിലും ഇങ്ങനൊരു സന്ദര്‍ഭത്തിലാണല്ലോ  നമ്മുടെ എല്ലാം ഉള്ളില്‍ ഒളിഞ്ഞു കിടക്കുന്ന ആ ജന്‍മസഹജമായ ഭീതിയും നിസഹായാവസ്ഥയും പുറത്ത് വരിക. ഞാന്‍ അമ്മയോട് ചേര്‍ന്നിരുന്നു. പേടി ഞങ്ങള്‍ കുട്ടികളെ ബാധിച്ചു തുടങ്ങിയിരുന്നു. ഞാന്‍ അച്ഛനെ നോക്കി , അച്ഛന്‍ എന്റെ മുഖത്തേക്ക് നോക്കി ശാന്തമായി ഒന്ന് ചിരിച്ചു. എന്നിട്ട് സാരമില്ല എന്ന് കണ്ണ് കൊണ്ട് ഒരാന്ഗ്യം കാട്ടി. 
             
                  മണിക്കൂറുകള്‍ ഇഴഞ്ഞു നീങ്ങി. 11.45നു വീണ്ടും വെള്ളം കയറി. വെള്ളത്തിന്‌ പഴയ ശക്തിയില്ല എന്നെനിക്കു തോന്നി. അല്ലേല്‍ തന്നെ എങ്ങനെ അറിയാനാണ് , ചുറ്റും ഒരു കടലിന്റെ പ്രതീതി ജനിപ്പിക്കുമാറ് വെള്ളം നിറഞ്ഞിരിക്കുന്നു. എങ്ങും അലമുറകള്‍ മാത്രം. ഒരു ചിന്ത മനസിലൂടെ വന്നു പോയി . നിറത്തിന്റെയും ജാതിയുടെയും പേരില്‍ "ഞാന്‍" എന്ന് നടിക്കുന്നവര്‍ക്ക് പോലും ഇപ്പോള്‍ ഒരൊറ്റ വികാരം ആണ്; "ഭയം".നിലനില്‍പ്പിന്റെ പ്രശ്നം വരുമ്പോള്‍ മനുഷ്യന് ജാതിയില്ല ,മതമില്ല ,വര്‍ണ-വര്‍ഗ ഭേതങ്ങള്‍ ഒന്നുംതന്നെയില്ല. അപ്പോഴാണ്‌ മനുഷ്യന്‍ തന്റെ സഹയാത്രികരെ തുറന്ന കണ്ണോടുകൂടി കാണുക. 
                        എങ്ങും പ്രാര്‍ത്ഥനാ മന്ത്രങ്ങള്‍ നിറയുന്നു ഒപ്പം അലമുറകളും. ഭാഷ ഏതായാലും അര്‍ത്ഥം നമുക്കൂഹിക്കാം. "ദൈവമേ എന്നെ കാത്തുകൊള്ളേണമേ , ഞാന്‍ ജീവിതകാലം മുഴുവന്‍ നല്ലവനായി ജീവിച്ചു കൊള്ളാമെ". ഞങ്ങള്‍ മൂന്നുപേരും ദേവാലയത്തിന്റെ ബാല്കണിയില്‍ നിന്ന് ചുറ്റും നോക്കി. ഭീതി ജനകമായ കാഴ്ചകള്‍. വെള്ളം തങ്ങി നില്‍ക്കുന്ന ചരിവുകളില്‍ മൃതദേഹങ്ങള്‍ അടിഞ്ഞു കിടക്കുന്നു. അവയ്ക്കുമേല്‍ കാറ്റിനൊപ്പം ഓളം അലതെല്ലുന്നു. ചില ഓരങ്ങളില്‍ കാറുകള്‍ ഒന്നിന് മീതെ മറ്റൊന്ന്‍ എന്നനിലയില്‍. പല വാഹനങ്ങളും അനന്തസീമയിലെക്ക് എന്നവണ്ണം ഒഴുകിനടക്കുന്നു. മനുഷ്യന്‍ എത്ര നിസഹായനാണെന്ന്‍ അന്നെനിക്ക് മനസിലായി. ശാസ്ത്രം ഇത്രയധികം പുരോഗമിച്ച ഇരുപത്തിഒന്നാം നൂറ്റാണ്ടിലും , അര കിലോമീറ്റര്‍ കടല്‍ ഒള്ളില്‍ കടന്നാല്‍ മനുഷ്യന്‍ വിറച്ചു പോകും. "ക്ഷണപ്രഭാചന്ജലം" മനുഷ്യ ജീവനെ എഴുത്തച്ചന്‍ എന്ത് മനോഹരമായാണ് വര്‍ണിച്ചിരിക്കുന്നത്.
                  
             വീണ്ടും മണിക്കൂറുകള്‍ കടന്നു പോയി.വെള്ളം കുറേശ്ശെ ഇറങ്ങിതുടങ്ങി. ജലനിരപ്പ്‌ താഴുന്നതോടൊപ്പം ചുറ്റുമുള്ള കാഴ്ചകള്‍ ഭീഭല്‍സമായിമാറി കൊണ്ടിരുന്നു.എങ്ങും ശവശരീരങ്ങള്‍ മാത്രം.മലയാളം കുര്‍ബാനയുടെ സമയമായിരുന്നതിനാല്‍ ഭൂരിഭാഗം മലയാളികളും പള്ളിയില്‍ ഉണ്ടായിരുന്നു.പള്ളിക്കകത്തെ അലമുറകള്‍ക്ക് അപ്പോഴും ഒരു ശമനവും വന്നിട്ടില്ലായിരുന്നു.
  
                        അപ്പോഴും സംഭവത്തിന്‍റെ ഭീകരത പൂര്‍ണമായും ഞാന്‍ ഉള്‍കൊണ്ടിട്ടില്ലായിരുന്നു. സമയം മൂന്നരയോടടുത്തപ്പോള്‍ താഴേക്ക് പോകാം എന്ന് ഞങ്ങള്‍ തീരുമാനിച്ചു. എങ്ങിനെയും അവിടുന്ന് രക്ഷപ്പെടുക എന്നുമാത്രമേ അപ്പോള്‍ മനസ്സില്‍ ഉണ്ടായിരുന്നുളൂ. തിരിഞ്ഞു ചിന്തിക്കുമ്പോള്‍ അങ്ങനെ ഒരു സന്ദര്‍ഭത്തില്‍ തീരുമാനം എടുക്കാന്‍ മാത്രം കാര്യപ്രപ്തിയൊന്നും എനിക്കന്നില്ലയിരുന്നു എന്നുതെന്നെവേണം അനുമാനിക്കാന്‍. അച്ഛനും അമ്മയും എടുത്ത തീരുമാനങ്ങള്‍ ഞങ്ങള്‍ അനുസരിച്ചു. ഇനിയും വെള്ളപൊക്കം ഉണ്ടായാലോ? രണ്ടും കല്പിച്ചു ഞങ്ങള്‍ ഇറങ്ങി നടന്നു. പള്ളിയുടെ മുന്‍പില്‍ മുട്ടുവരെ വെള്ളം ഉണ്ട്. താഴെ ഇറങ്ങിയപ്പോള്‍ വൈദികര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഭക്ഷണവും വെള്ളവും ഒക്കെ കൊടുക്കുന്നുണ്ട്. 
                           നടക്കുന്ന വെള്ളം ഏതാണ്ട് കറുത്തിരുണ്ടിരിക്കുന്നു. വേളാങ്കണ്ണിയില്‍ കാലങ്ങളായുള്ള മാലിന്യം മുഴുവനും കടല്‍ വെള്ളം കഴുകി ഇറക്കിയിരുന്നു. "ഇനി ദൈവം  ഒരു ശുദ്ധികലശം നടത്തിയതാണോ?" 

 "അനന്തം അജ്ഞാതം അവര്‍ണനീയം ,
 ഈ ലോക ഗോളം തിരിയുന്ന മാര്‍ഗം .
 അതിങ്ങലെങ്ങടൊരിടതിരുന്നു നോക്കുന്ന
 മര്‍ത്യന്‍ കഥ എന്ത് കണ്ടു."

                        വഴിമധ്യേ ഒരു പോലീസുകാരനെ കണ്ടു. എന്ത് ചെയ്യണം സാറെ എന്ന് ചോദിച്ചപ്പോള്‍ ; " എങ്കയോ പോ അയ്യാ, ഇന്ത ഇടതുന്നിന്നു എസ്കേപ് പണ്ണിട്" എന്നോ മറ്റോ പറഞ്ഞു. ഇത്ര വലിയ തീര്‍ഥാടന കേന്ദ്രമായിട്ടു കൂടി ഭരണകൂടത്തിന്‍റെ ഭാഗത്തു നിന്നും യാതൊരുവിധ രക്ഷാപ്രവര്‍ത്തനവും ഇല്ല എന്ന സത്യം എന്നെ അതിശയിപിച്ചു.

                     ഇടയ്ക്ക് സൈക്കിള്‍ റിക്ഷകളും , മണിയടി പലഹാരം കൊണ്ടുപോകുന്ന ഉന്തുവണ്ടികളും ഉറക്കെ മണിമുഴക്കി കൊണ്ട് പോകുന്നുണ്ടായിരുന്നു. ചക്കുമൂടിയ അവയുടെ വശങ്ങളില്‍ നിന്ന് നീണ്ടു നിന്ന വിറങ്ങലിച്ച കാലുകള്‍ പിന്നീടു പല രാത്രികളിലും എന്നെ വേട്ടയാടിയിരുന്നു.ഒരു വിധത്തില്‍ വെള്ളം കയറിയ പ്രദേശം കടന്നു. എല്ലായിടത്തും ആളുകള്‍ പരിഭ്രാന്തരായി കൂട്ടപലായനം ചെയ്യുകയാണ്.വലിയ ടുറിസ്റ്റ് ബസുകള്‍ തിരിച്ചു പോകാനായി വട്ടം കൂട്ടുന്നു. പലയിടത്തും കല്ലും വടിയും പിടിച്ച ആളുകള്‍ അത്തരം ബസുകള്‍ തടഞ്ഞുനിര്‍ത്തി സാധാരണക്കാരെയും അവയില്‍ കയറ്റി വിടുന്നു.മിക്ക വാഹനങ്ങളും കുറച്ചു മുന്‍പില്‍ ചെന്ന് ഈ ഭീഷണിപെടുത്തി കയറ്റിയവരെയെല്ലാം ഇറക്കിവിട്ടിട്ടു പോകുന്നു.ആകെമൊത്തം ഒരു സംഘര്‍ഷകലുഷിതമായ അന്തരീക്ഷം. അപ്പോഴും ഗവണ്‍മെന്‍റ്‍ വാഹനങ്ങളോ ദ്രുതകര്‍മ സേനയോ അവിടൊങ്ങും കണ്ടില്ല.
                    ഹോട്ടല്‍ ഇച്ചിരെ ദൂരെ ആയിരുന്നതുകൊണ്ട് സാധനങ്ങള്‍ ഒന്നും നഷ്ടപെട്ടില്ല. ഹോട്ടല്‍ റിസപ്ഷനില്‍ ഉള്ളവര്‍ നേരത്തെ തന്നെ സ്ഥലം കാലിയാക്കിയിരുന്നു.ഞങ്ങള്‍ ലഗേജും എടുത്ത് നടക്കാന്‍ തുടങ്ങി. ആര്‍ക്കും എന്താ ചെയ്യേണ്ടതെന്ന്‍ ഒരു ഊഹംവും ഉള്ളതായി എനിക്ക് തോന്നിയില്ല. കുറച്ചു നടന്നപ്പോള്‍ മെയിന്‍ റോഡ്‌ എത്തി. ഇടക്കിടക്ക് ബസ്‌ വരുന്നുണ്ട്. എന്നാല്‍ വരുന്ന ബസില്‍ എല്ലാം  ആളുകള്‍ തിങ്ങിനിറഞ്ഞു നില്‍ക്കുന്നു. ഭാഗ്യത്തിന് ഒരു ബസ്‌ നന്നേ തിരക്കില്ലാണ്ട് വന്നു. ഞങ്ങള്‍ വേഗം അതില്‍ കയറി. തൊട്ടടുത്തുള്ള നാഗപട്ടണം ബസ്‌സ്റ്റേഷന്‍ വരെ ആയിരുന്നു ആ ബസ്‌. നാഗൂര്‍ റെയില്‍വേസ്റ്റേഷന്‍ അടുത്താണെന്നും അവിടെ നിന്നും ട്രെയിന്‍ കിട്ടും എന്നുമൊക്കെ ഒരാള്‍ പറഞ്ഞു. ഞങ്ങള്‍ അന്ന് രാത്രിയിലെ ബസില്‍ ആണ് ടിക്കറ്റ്‌ ബുക്ക്‌ ചെയ്തിരുന്നത്. അവിടത്തെ തിരക്കും , അന്തരീക്ഷവും വച്ച് ആ ബസ്‌ സര്‍വീസ് ഉണ്ടാകാന്നുള്ള സാധ്യത തുലോം നേരിയതായിരുന്നു.
                           ബസ്‌ കാത്ത് നില്‍ക്കണോ അതോ ട്രെയിന്‍ കിട്ടുമോ എന്ന് നോക്കണോ ഒരു എത്തുംപിടിയും കിട്ടുന്നില്ല. മധുര വരെയുള്ള ബസ്‌ കിട്ടാന്‍ സാദ്ധ്യത ഉണ്ടെന്നു അച്ഛന്‍ അന്വേഷിച്ച് പറഞ്ഞു. പക്ഷെ ആ ബസ്‌ സ്റ്റാന്‍ഡില്‍ വന്നു പോകുന്ന എല്ലാ ബസും ലാഡറും എന്തിനു മുകള്‍ ഭാഗംവരെ ആള്‍ക്കാരെ കൊണ്ട് നിറഞ്ഞാണ് പോകുന്നത്. ആകെ വലഞ്ഞു നില്‍ക്കുമ്പോളാണ് ദൈവം പറഞ്ഞുവിട്ടത് പോലെ "തിരുവനന്തപുരം ബസ്‌ " തൊട്ടു മുന്‍പില്‍ കൊണ്ട് നിര്‍ത്തി. ഞങ്ങള്‍ വന്ന അതെ ബസ്‌ , അതെ ഡ്രൈവര്‍ അതെ കണ്ടക്ടര്‍. ഞങ്ങളെ കണ്ടക്ടര്‍ക്ക് ഒാര്‍മയുണ്ടായിരുന്നു. ആദ്യം തന്നെ കയറാന്‍ പറ്റി. സീറ്റും കിട്ടി.ഞാന്‍ അമ്മയുടെ അടുത്തിരുന്നു.ബസ്‌ പെട്ടെന്ന് തന്നെ ആള്‍ക്കാരെ കൊണ്ട് നിറഞ്ഞു. ബസ്‌ അവിടെ നിന്നും എടുക്കുമ്പോള്‍ , വീണ്ടും വെള്ളം കയറുന്നെന്നോ മറ്റോ ആരൊക്കെയോ നിലവിളിച്ചു കൊണ്ട് ഓടുന്നുണ്ടായിരുന്നു. 
                     ബസ്‌ സ്റ്റേഷന്‍ വിട്ടു മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു. ജനാലയിലൂടെ നോക്കിയിരുന്നപ്പോള്‍ അവിടത്തെ ജീവിത ചിത്രം കുറച്ചൊക്കെ വ്യക്തമായി. ജീവനും കൊണ്ട് പലായനം ചെയ്യുന്ന എല്ലും തോലുമായ മനുഷ്യര്‍.കാളവണ്ടിയിലും ഉന്തുവണ്ടിയിലും സാധനങ്ങള്‍ കുത്തിനിറച്ച് കുഞ്ഞുകുട്ടി പരിവാരങ്ങളുമായി രക്ഷപെടുകയാണ്. അപ്പോഴേക്കും ഭയവും ക്ഷീണവും എന്നെ വല്ലാണ്ട് കീഴ്പ്പെടുത്തികളഞ്ഞിരുന്നു.അമ്മയോട് കുഞ്ഞുനാളിലെന്നപോലെ ഞാന്‍ പറ്റിചേര്‍ന്നിരുന്നു. പിന്നെ അമ്മയുടെ മടിയില്‍ തലവച്ചു കിടന്നുറങ്ങി.
                    പിറ്റേന്ന് പുലര്‍ച്ചെ പാറശാല എത്തിയപ്പോളാണ് ഞാന്‍ കണ്ണ് തുറന്നത്. രാവിലെ ഒന്‍പത് മണിയായപ്പോഴേക്കും ഞങ്ങള്‍ വീട്ടില്‍ തിരിച്ചെത്തി. നാട്ടുകാരൊക്കെ കാര്യങ്ങള്‍ അറിഞ്ഞു വരുന്നതെ ഉള്ളൂ. അന്വേഷിച് തുടങ്ങും മുന്പ് തന്നെ തിരിച്ചെത്തിയാതിനാല്‍ വലിയ സംഭ്രമങ്ങള്‍ക്കൊന്നും വഴിവച്ചില്ല. ടിവിയും പത്രവും നോക്കിയപ്പോള്‍ ആണ് ഇരുപത്തിഒന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളില്‍ ഒന്നിന്നാണ് ഞാന്‍ ദൃക്‍സാക്ഷിയായത് എന്ന സത്യം മനസിലായത്. പത്രത്തിലെ ആദ്യ ചിത്രം എന്നെ ഞെട്ടിച്ചു കളഞ്ഞു. "നാഗൂര്‍ റെയില്‍വേ സ്റ്റേഷന്‍ സുനാമിയില്‍ തകര്‍ന്ന നിലയില്‍".
                         തിരിച്ചറിയുകയായിരുന്നു ഒരു കവചം പോലെ ദൈവം കൂടെ ഉണ്ടായിരുന്നത്. ഞങ്ങള്‍ക്ക് വഴി തെറ്റിയില്ലയിരുന്നെങ്കില്‍ , മലയാളം കുര്‍ബാനയുടെ ബോര്‍ഡ്‌ കണ്ടില്ലായിരുന്നെങ്കില്‍,ഒരു പത്ത് മിനിറ്റ് മുന്‍പാണ് സുനാമി അടിചിരുന്നതെങ്കില്‍. അന്നവിടെ പൊലിഞ്ഞുപോയ ആയിരം ജീവിതങ്ങളില്‍ ഒന്നയേനെ ഞാനും.

                         പിന്നീടു കുറെ കാലം കടല്‍ എന്ന് കേള്‍ക്കുന്നതേ പേടിയായിരുന്നു.ഒരു വര്‍ഷത്തിനു ശേഷം ജൂലൈ മാസത്തില്‍ ഞങ്ങള്‍ വീണ്ടും വേളാങ്കണ്ണിക്ക് പോയി. സുനാമിയുടെ ഞെട്ടലില്‍ നിന്നും അവര്‍ കരകയറുന്നത്തെ ഉള്ളൂ. എന്നെ ഏറ്റവും അത്ഭുതപെടുത്തിയത് വേളാങ്കണ്ണി കടല്‍ ആയിരുന്നു. ഒരു തിരമാല പോലും ഇല്ല. ശാന്തമായ ഒരു തടാകം പോലെ. എന്തിനോ വേണ്ടി തുടിക്കുന്ന പേടിപ്പിക്കുന്ന ശാന്തത.






             
                            
                                   

         
Tuesday, February 12, 2013 0 comments

നെത്തോലി ഒരു ചെറിയ മീന്‍ ആണോ?


               നെത്തോലി ഒരു ചെറിയ മീന്‍ ആണോ? ഇതെന്ത് ചോദ്യം അല്ലെ? ഇന്നലെ വരെ ഞാനും 'അതെ' എന്നാണ് ധരിച്ചു വച്ചിരുന്നത് ; എന്നാല്‍ ഇന്ന്‍ എനിക്ക് മനസിലായി നെത്തോലി ഒരു ചെറിയ മീനേ അല്ല. ഞാന്‍ പറഞ്ഞു വരുന്നത് ഈ പല്ലിയെ കൂട്ടിരിക്കുന്ന വലിയ ഇനം നെത്തോലിയെ പറ്റിയല്ല. ഇത് “ന്യൂ ജെനറേഷന്” നെത്തോലി. V.K. പ്രകാശിന്റെ “നെത്തോലി ഒരു ചെറിയ മീന്‍ അല്ല “ എന്ന പുതിയ സിനിമ . ആ സിനിമ കണ്ട ഭൂരിഭാഗം പേരും ഇപ്പോള്‍ വിചാരിക്കുന്നുണ്ടാവും “ഇവന്നെന്നാ വട്ടാണോ?”. കാരണം എനിക്ക് ഉറപ്പാണ്‌ സിനിമ കണ്ട “75%” പേര്‍ക്കും ഇന്നും നെത്തോലി ഒരു കുഞ്ഞന്‍ മത്സ്യം തന്നെയാണെന്ന്‍......,. ......... .. ഒട്ടുമിക്ക ചിത്രങ്ങള്‍ക്കും എന്റെ സമാന ചിന്താഗതി പുലര്‍ത്താറുള്ള ‘നസ്രിന്‍’ പോലും ഇത്തവണ പറഞ്ഞു “തനിക്ക് വേറെ പണി ഒന്നുമില്ലേ? നെത്തോലി വളരെ ചെറിയ ഒരു മീന്‍ ആണ്”.
                           എന്തൊക്കെ ആണേലും ഈ നെത്തോലി എനിക്ക് വല്ലാതെ പിടിച്ചു. സിനിമയിലെ അണിയറയിലേക്കുള്ള കുറച്ചുകൂടി വിശദമാക്കിയാല്‍ കഥാകൃത്തിന്റെ മനസിലെക്കുള്ള ഒരു വാതയനമാണ് വി. കെ. പ്രകാശ്‌ ഈ സിനിമയിലൂടെ തുറന്നു തരുന്നത്. വര്‍ത്തമാനകാലത്തില്‍ നടക്കുന്ന ഒരു ‘സോഷ്യല്‍ മേലോഡ്രാമ’-യല്ല ഈ സിനിമ. മറിച് ഇത്തരം സോഷ്യല്‍ മെലോഡ്രാമകളുടെ ജനനത്തിന്‍റെ കഥ പറയുകയാണ്‌ ഈ സിനിമയിലൂടെ. കഥാകൃത്തും അവന്‍റെ മനസും തമ്മിലുള്ള സംവാദമാണ് പ്രമേയം.
                        
                                 കഥാകൃത്തുകള്‍ക്ക് അതിലുപരി സ്വപനാടകര്‍ക്കുള്ള ഒരു അനുഗ്രഹമാണ് അവന്റെ ‘ഭവാന’. സ്വന്തം ഭാവനയില്‍ അവന് എന്തും നെയ്തെടുക്കം ; സ്വയം നായകനാകാം  , വില്ലനാകാം , കാമുകനാകാം എന്തിനും നിമിഷനേരം മതി. സ്വപ്നാടകര്‍ ഇവ മനസ്സില്‍ കണ്ടു കോള്‍മയിര്‍ കൊള്ളുന്നു. കഥാകൃത്തുകള്‍ ആകട്ടെ , കാണുന്നവ കടലാസില്‍ പകര്‍ത്തുന്നു. സ്വപ്നാടകരില്‍ ചിലര്‍, കാണുന്ന ദിവാസ്വപ്നങ്ങള്‍ സത്യമാണെന്ന ചിന്തയില്‍ അബദ്ധങ്ങളില്‍ ചെന്നുചാടുന്നു. കുട്ടികാലത്ത് ‘ശക്തിമാന്‍’ പരമ്പര കണ്ട് ‘ഞാന്‍ ശക്തിമാന്‍ ആയാല്‍ എങ്ങനെ ഉണ്ടാകും’ എന്ന്‍ ഭാവനയില്‍ കണ്ടു നടന്നിരുന്ന ഞാനും ; താനും ശക്തിമാനെപോലെയാണെന്ന ചിന്തയില്‍ വീടിനു മുകളില്‍ നിന്ന് ഒരു കൈയും ഉയര്‍ത്തിപിടിച്ചുകൊണ്ട് താഴേക്ക് ചാടി ഇഹലോകവാസം വെടിഞ്ഞ കുട്ടിയും തമ്മിലുള്ളത് പോലുള്ള അന്തരം.

                       ഒരു കഥയെഴുതാന്‍ രണ്ടു ദിവസം നല്‍കിയ ആളുടെ മുന്നില്‍ വച്ച്  അതുവഴി കടന്നു പോയ ഒരു പെണ്‍കുട്ടിയോട് തകഴി  , “കുട്ടി ഒന്ന് പ്രസവിക്കാമോ?" അമ്പരന്നു നിന്ന പെണ്‍കുട്ടിയോട് വീണ്ടും “സാരമില്ല...പെട്ടെന്ന്‍ പറ്റില്ലേല്‍ വേണ്ട ഒരു രണ്ടു ദിവസം തരാം “ എന്ന്‍ ചോദിച്ചതായി കേട്ടിട്ടുണ്ട്. അതെ! കഥയെഴുത്ത് അത്ര നിസ്സാര കാര്യമല്ല തന്നെ. കഥാകൃത്തിന്റെ മനസ് ഒരു യുദ്ധകളം പോലെയാണ്.അനവധി കഥാപാത്രങ്ങള്‍ , അവരുടെ ജീവിത പ്രശ്നങ്ങള്‍, വികാര-വിചാരങ്ങള്‍ എല്ലാം സ്വന്തം മനസ്സില്‍ ആവാഹിക്കണം.കഥാപാത്രങ്ങള്‍ക്കനുസൃതമായ രൂപവും ഭാവവും നല്‍കണം.അങ്ങനെ നിരവധി വെല്ലുവിളികള്‍.. .

                          മനുഷ്യ മനസ് ഒരത്ഭുതപ്രതിഭാസം തന്നെയാണ്. ഒന്ന് കീ കൊടുത്തു വിട്ടാല്‍ അത് തോന്നിയ വഴികളിലൂടെ സഞ്ചരിക്കും. കഥാകൃത്തിന്‍റെ മനസ്സില്‍ കഥാതന്തു രൂപപെട്ടു കഴിഞ്ഞാല്‍ പിന്നെ , കഥാപാത്രങ്ങള്‍ക്ക് ജീവന്‍ വച്ച് പറക്കാന്‍ തുടങ്ങും. മിക്ക കഥാപാത്രങ്ങള്‍ക്കും നിത്യജീവിതത്തില്‍ കണ്ടുമറന്ന മുഖങ്ങള്‍ നല്‍കാന്‍ ശ്രമിക്കും. ആത്മാംശം കലര്‍ന്ന കഥകളില്‍ നായകനോ പ്രതിനായകനോ തന്‍റെ തന്നെ പ്രതിച്ഛായയില്‍ വാര്‍ത്തെടുക്കാന്‍ ശ്രമിക്കും കഥാകാരന്‍.
               നമുക്ക് നെതോലിയിലേക്ക്‌ തിരിച്ചു വരാം. സിനിമയിലെ നായകന്‍ പ്രേമന്‍ അഥവാ ‘നെത്തോലി’ ഒരു എഴുത്തുകാരനാണ്‌.. .അയാള്‍ ഒരു സ്വപ്നാടകനുമാണ്. എറണാകുളത്തെ ഒരു ഫ്ലാറ്റിലെ ‘കെയര്‍ ടാകെര്‍’ ആയി അയാള്‍ക്ക് ഒരു പുതിയ ജോലി കിട്ടുന്നു. ഒരു ‘writers block’- ല്‍ അകപ്പെട്ടുകിടക്കുന്ന അയാളിലെ എഴുത്തുകാരന്‍റെ ഭാവനക്ക് പുതിയ നിറം പകരുകയാണ് പുതിയ ജോലി സ്ഥലവും അവിടത്തെ സംഭവ വികാസങ്ങളും. ആ ഫ്ലാറ്റിനെ ചുറ്റിപറ്റി അവിടുത്തെ അന്തേവാസികളെ കഥാപാത്രങ്ങളാക്കി ഒരു കഥയെഴുതാന്‍ അയാള്‍ തീരുമാനിക്കുന്നു. കഥാപാത്രങ്ങളും അവയുടെ സ്വഭാവവും എല്ലാം നിരീക്ഷിക്കുന്ന അയാള്‍ക്ക് ഒരു കഥാതന്തു മാത്രം കിട്ടുന്നില്ല. അയാള്‍ തലങ്ങും വിലങ്ങും ആലോചിച്ചിട്ടും ഒരു തുടക്കം ,ഈ കഥാപാത്രങ്ങളെ കൂട്ടിയോജിപ്പിക്കാന്‍ ഒരു മാന്ത്രികക്കെട്ട് കിട്ടുന്നില. ഒരുവിധത്തില്‍ പറഞ്ഞാല്‍ വികാരത്തിന്റെ പാരമ്യത്തിലും സ്ഖലനം നീണ്ടുപോകുന്ന പോലുള്ള ഒരു മാനസികസംഘര്‍ഷം.
            എന്നാല്‍ വളരെ ആകസ്മികമായി നടക്കുന്ന ഒരു സംഭവം അയാളുടെ മനസ്സില്‍ താന്‍പോലും അറിയാതെ കഥയുടെ ബീജാവാപം നടത്തുന്നു. പ്രഭ എന്ന സ്ത്രീയോടുള്ള പക കേന്ദ്രമാക്കി അയാള്‍ കഥയെഴുതാന്‍ ആരംഭിക്കുന്നു. തന്‍റെ കഥയിലൂടെ അവളെ ഒരു പാഠം പഠിപ്പിക്കാന്‍ അയാള്‍ തീരുമാനിക്കുന്നു.സ്വതവേ ഒരു അല്പപ്രാണിയായും അന്തര്മുഖനുമായ  അയാള്‍ക്ക് അവരോടു തന്റെ കഥയിലെ ഒരു കഥാപാത്രമാക്കിമാറ്റി പ്രതികാരം ചെയ്യാനേ കഴിയുമായിരുന്നുള്ളൂ. അയാള്‍ തന്നെ പറയുന്നുമുണ്ട് ‘കഥയില്‍ എനിക്കെന്തും ആവാം, കാരണം ഇത് എഴുതുന്നത് ഞാന്‍ അല്ലെ ‘
                         കഥയിലെ പ്രഭ എന്നാ പെണ്‍പുലിയെ തളക്കാന്‍ അയാള്‍ ഒരു കഥാപാത്രത്തെ സൃഷ്ടിക്കുന്നു.മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ മോഹന്‍ലാല്‍ അനശ്വരനാക്കിയ ‘നരേന്ദ്രന്‍’ എന്ന പേരില്‍ സ്വയം ആവാഹിക്കുന്നു കഥാകൃത്ത്‌.. ... ..;രൂപത്തില്‍ മാത്രമേ നരേന്ദ്രന് കഥാകൃത്തുമായി സാമ്യം ഉള്ളൂ. ഉരുളക്കുപ്പേരി പോലെ ഓരോ സന്ദര്‍ഭങ്ങളിലും പ്രഭയെ നരേന്ദ്രന്‍ തട്ടികളിക്കുന്നത് അയാള്‍ ആത്മനിര്‍വൃതിയോടെ എഴുതി രസിക്കുന്നു. ഊണിലും ഉറക്കത്തിലും അയാള്‍ക്ക് തന്റെ കഥ മാത്രമേ ചിന്തയുള്ളൂ. ഭ്രൂണം വളര്‍ന്ന്‍ കുഞ്ഞിക്കാല്‍ കാണും വരെ മാതാപിതാക്കള്‍ക്കുള്ള അതെ ടെന്‍ഷന്‍.. ഉറക്കത്തില്‍ അയാളുടെ മനസ്സില്‍ കഥ മുന്നോട്ടു പോകുകയാണ്. നിദ്രയുടെ യാമങ്ങളില്‍ കഥാകൃത്തില്‍ നിറഞ്ഞു നില്‍ക്കുന്ന പകയുടെ തീവ്രത കുറയുന്നു. അവബോധ മനസിലെ പ്രണയം പോലുള്ള നനുത്ത വികാരങ്ങള്‍ കഥാപാത്രങ്ങള്‍ സ്വയതമാക്കുന്നു. കഥ ഒരു പുതിയ ട്രാക്കില്‍ എത്തിച്ചേരുന്നു. ഉറക്കത്തില്‍ നിന്ന് ഞെട്ടി ഉണരുന്ന കഥാകൃത്തിന്റെ സ്വബോധ മനസിലെ പക ഈ പ്രണയത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു.തൂലിക എന്നാ തന്റെ ആയുധം, കഥാകൃത്ത്‌ ഇഷ്ടത്തിനോത്ത് കഥയില്‍ വളവുകളും തിരിവുകളും ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു.
                     viva-ക്ക് ചൊറിഞ്ഞ examiner-ടെ മകനെ ഭാവിയില്‍ പരീക്ഷക്ക് തോല്പിച് പ്രതികാരം ചെയ്യുന്നതായി ഞാന്‍ എത്ര തവണ സ്വപ്നം കണ്ടിരിക്കുന്നു. ഭാവനക്ക് ഒരിക്കലും അതിരുകള്‍ ഉണ്ടാവാറില്ല. മോഹന്‍ലാലിനോട് ശ്രീനിവാസന്‍ ‘നാടോടിക്കാറ്റില്‍’ പറയുന്ന “എന്ത് നല്ല നടക്കാന്നാവാത്ത സ്വപ്നം”. എന്റെ പല സ്വപ്നങ്ങളുടെയും ഒടുവില്‍ ഞാന്‍ ഈ രംഗം മനസ്സില്‍ rewind ചെയ്യാറുണ്ട്. പെട്ടെന്ന് ഒരു സ്വപനം മനസിലേക്ക് കടന്നു വരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്പ് എന്ട്രന്‍സ് പരീക്ഷക്കായി തൃശൂര്‍ ആസ്ഥാനമാക്കി റിപീറ്റ് ചെയ്യുന്ന കാലം.അന്ന്‍ ടെന്‍ഷന്‍ കയറി ‘Bass Palace’ ഹോസ്റ്റെലിന്റെ മുകളിലത്തെ നിലയില്‍ കോണ്‍ക്രീറ്റ് വാട്ടര്‍ ടാങ്കില്‍ ചാരിയിരുന്ന്‍ നക്ഷത്രം എണ്ണുമ്പോള്‍ ഞാന്‍ കാണാറുണ്ടയിരുന്ന ഒരു സ്വപ്നം. ഒരു ബോക്കെയുമായി മന്ത്രി വീട്ടില്‍ വന്നു ‘congratulations my boy!’ എന്ന്‍ പറയുന്ന സീന്‍. ആലോചിക്കുമ്പോള്‍ കൈയിലെ രോമമോക്കെ എഴുന്നേറ്റു നില്‍ക്കും.വര്‍ഷങ്ങള്‍ ശേഷമാണ് ഇതേ സീന്‍ ഞാന്‍ റിയല്‍ ലൈഫില്‍ കാണുന്നത്. background ,സെറ്റിംഗ് എല്ലാം ഞാന്‍ കണ്ട സ്വപ്നം പോലെ തന്നെ. നായകന്‍ അംജദ് ആണെന്ന് മാത്രം.
അന്നാണ് അംജദ് എം.എ ബേബിയില്‍ നിന്ന്‍ അഭിനന്ദനം മേടിക്കുന്ന ചിത്രം facebookil ഷെയര്‍ ചെയ്തത്.

                        നെത്തോലിയിലെ കഥാകൃത്തിന്റെ മനസ്സില്‍ ഒരു വടംവലി നടക്കുവാണ്. പ്രണയാതുരരാകുന്ന കഥാപാത്രങ്ങളെ കണ്ട് കഥാകൃത്തിനു സഹിക്കുന്നില്ല.കഥയില്‍ ട്വിസ്റ്റ്‌ കൊണ്ട് വരാന്‍ അയാള്‍ ഒരു പുതിയ വില്ലന്‍ കഥാപാത്രത്തിന് രൂപം നല്‍കുന്നു.പെട്ടെന്ന്‍ അയാളുടെ ആയുധത്തിന്-പേനയുടെ മഷി തീരുന്നു. അഥവാ പ്രതികാരാഗ്നി കെട്ടടങ്ങുന്നു.പ്രതികാരം നശിക്കുന്നതോടെ കഥയുടെ ഭ്രൂണത്തിന് ഇളക്കം തട്ടുന്നു.ഒരു second trimester abortion.അയാള്‍ തന്നോട് തന്നെ ചോദിക്കുന്നു പ്രതികാരം എന്ന ഒറ്റ വികാരത്തില്‍ ഊന്നികൊണ്ട് ഞാന്‍ എന്റെ കഥാപാത്രങ്ങളോട് നീതി കാണിക്കുന്നുണ്ടോ?

                       കഥാകൃത്തിനു മുന്‍പില്‍ ഇനി രണ്ടു മാര്‍ഗങ്ങളാണ്.
1.       കഥ വലിച് കീറി കുട്ടയില്‍ എറിഞ്ഞു കളയുക.
2.       കഥ വി. കെ പ്രകാശിനെ ഏല്പിക്കുക. കഥയും കഥസാഹചര്യങ്ങളും എഴുതി ചേര്‍ക്കുന്നു.

          അതെ ഒരു സിനിമയുടെ ബീജവാപതിന്റെ കഥ.ഒരു കഥാകൃത്തിന്റെ ഭാവനയും (ബീജം) അനുഭവങ്ങളും (അണ്ഡം) തമ്മിലുള്ള സംഭോഗത്തിന്റെയും , തത്ഭലമായ ഭ്രൂണത്തിന്റെയും അതിന്റെ വളര്‍ച്ചയുടെയും കഥ.
                        ‘നെത്തോലി ഒരു ചെറിയ മീനല്ല” സിനിമയുടെ പുതിയ ഒരു തലമാണ് നമ്മുടെ മുന്നില്‍ വരച് കാട്ടുന്നത്. സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് എന്നും ഹാപ്പി എണ്ടിംഗ് ഉണ്ടാകുന്നത് കഥാകൃത്തിന്റെ ഭാവനയില്‍ അയാള്‍ അങ്ങനെ വരക്കുന്നത് കൊണ്ടാണ്. ചിന്തിച്ചിട്ടുണ്ടോ നിങ്ങളുടെ ഏറ്റവും ഇഷ്ടപ്പെട്ട ആ സിനിമയുടെ കഥ എങ്ങനെയാകും രൂപപെട്ടിടുണ്ടാവുക? ചിന്തിചിട്ടില്ലേല്‍ ഒന്ന് ട്രൈ ചെയ്ത് നോക്കുക. എന്നിട്ട് പോയി നെത്തോലി കാണുക. തീര്‍ച്ചയായും നിങ്ങള്‍ ഈ ഫിലിം എന്ജോയ്‌ ചെയ്യും. 
Wednesday, October 24, 2012 1 comments

തട്ടത്തിന്‍ മറയത്ത്




                        MBBS ക്ലാസ്സ്‌ തുടങ്ങുയ ആദ്യ വെള്ളിയാഴ്ച 6 / 10  / 2006 ന് SL theatre complex-ലെ   അതുല്യ തിയേറ്ററില്‍  "ഡോണ്‍ " സിനിമക്ക് ബ്ലാക്കില്‍ ടിക്കറ്റ്‌ എടുത്തത്‌ മുതല്‍ തുടങ്ങിയതാണ്‌ എന്റെ MBBS ജീവിതവും സിനിമ തിയറ്ററുമായുള്ള   അഭേദ്യ ബന്ധം. സിനിമയിലെ പ്രതിസന്ധി! പ്രതിസന്ധി! എന്നു  അമ്മയും മാക്ടയും നിലവിളിക്കുന്ന കാലത്ത് 'എ' പടം പോയിട്ട് ഒട്ടുമിക്ക എല്ലാ  റിലീസ്  സിനിമ കളും തിയേറ്ററില്‍ പോയി കണ്ടിരുന്ന സഹൃദയനാണ്  ഞാന്‍  ....  തിരക്കിട്ട MBBS പഠനത്തിനിടെ  കോളേജില്‍ പോകുന്നതിനെകാളും സുഷ്കാന്തിയോടെ ഞാന്‍ മമ്മൂട്ടി , സുരേഷ് ഗോപി , ജയറാം , പ്രിത്വിരാജ്‌ , ഇന്ദ്രജിത്ത് , ജയസുര്യ , കലാഭവന്‍മണി , ദിലീപ്‌ , അല്ലുഅര്‍ജുന്‍ , എന്തിന് കാദര്‍ ഹസന്‍ മൊഴി മാറ്റം ചെയ്ത ഒട്ടുമിക്ക  തെലുങ്ക്ച്ചലചിത്രങ്ങള്‍ വരെ തിയേറ്ററില്‍ പോയി  കണ്ടു. റിലീസ്ഡെയില്‍ തന്നെകണ്ട " നാടകമേ ഉലകം " , " പയ്യന്‍സ് " , " ശങ്കരനും മോഹനനും " , "മായമ്മഐ.പി.എസ്‌ " തുടങ്ങിയവ ഇന്നും എന്റെ സിനിമ ജീവിതത്തിലെ സുവര്‍ണ എടുകളായി ഞാന്‍ കാത്തുസൂക്ഷിക്കുന്നു.
       
                                                          പക്ഷെ! ഇക്കാലമത്രയും ഒരു സിനിമ പോലും എന്നെ ഇത്ര വലചിട്ടില്ല. ഓര്‍മയില്‍ വിരലില്‍ എന്നാവുന്ന മോഹന്‍ലാല്‍ സിനിമകള്‍ക്ക്‌ ആണ് തിയേറ്ററില്‍ ഫസ്റ്റ് ഡേ പോയി ടിക്കറ്റ്‌ കിട്ടാതെ വന്നിട്ടുള്ളത്. പക്ഷെ അത് പോലും രണ്ടാം തവണ പോയി ഞാന്‍ കണ്ടിരുന്നു.
                                 
                                               " അവളുടെ ചിരി " എന്റെ കണ്ണില്‍ പെടുന്നത് ഫേസ്ബുക്കില്‍  ആരുടെയോ പ്രൊഫൈല്‍ തപ്പുന്നതിനിടയില്‍ ആണ്... "തട്ടത്തിന്‍ മറയത്തു " ഫിലിം ബൈ വിനീത് ശ്രീനിവാസന്‍ കമിംഗ് സൂണ്‍ ....  ഇവന്‍ അപ്പന്റെ മകന്‍ തന്നെ എന്ന് കരുതി ഞാന്‍ മുന്നോട്ട് പോയി...പെട്ടെന്ന് തന്നെ  ബ്രൌസേരിലെ ബാക്ക ബട്ടണ്‍ അമര്‍ത്തി. കര്‍ത്താവെ! എന്നാ ഒരു ചിരി.... ഹൌസ് സജെന്‍സിയുടെ തിരക്കിനിടയിലും ഫേസ്ബുക്കില്‍ അവളുടെ പുതിയ  ചിത്രങ്ങള്‍ക്കായി  ഞാന്‍ പരതി..... അവളുടെ തൂവെള്ള തട്ടമിട്ടുള്ള ആ ചിരി!!! ഹോ! casuality-യില്‍  ദുര്‍ഗന്ധം വമിക്കുന്ന diabetic foot കട്ട്‌ ചെയ്യുബോഴും അവളുടെ ആ ചിരി എന്നെ കോള്‍മയിര്‍ കൊള്ളിച്ചിരുന്നു.. പിന്നാലെ വന്ന trailor വീഡിയോകളും... പാട്ടും... ആ ദിനത്തിനായ് ഞാന്‍ കാത്തിരിക്കാന്‍ തുടങ്ങി... മുഴുവന്‍ സ്ക്രീനില്‍ അവളെ കാണാന്‍ ..
                                                                             
                                              ഒടുവില്‍ ആ ദിവസം വന്നു... തട്ടതിന്‍ മറയത്തു റിലീസ്..... രാവിലെ പത്രം തപ്പാന്‍ ഇറങ്ങിയപ്പോള്‍ ആണ് ഞാന്‍ മാത്രം അല്ല തൊട്ടടുത്ത മുറിയിലെ അനൂബും നിജാസും ഇതേ പൂതിയോടെ കാത്തിരിക്കുവാണെന്ന്‍ മനസിലായത്‌ . പത്രം മുഴുവന്‍ തപ്പി പെറുക്കിയപ്പോള്‍ അതാ പോസ്റ്റര്‍ ......."തട്ടതിന്‍ മറയത്ത് " ഇന്ന് റിലീസ്... തിരുവനന്തപുരത്തെ തിയേറ്റര്‍ കണ്ട ഞങ്ങള്‍ ഡസ്പ് ആയി പോയി... സിനിമ ശ്രീവിശാഖ്‌ തിയേറ്ററില്‍ . പെട്ടികട പോലത്തെ ആ കുടുസ്  തിയേറ്റരെ ഈ നല്ല സിനിമകള്‍ റിലീസ് ചെയ്യാന്‍ കിട്ടോള്ളൂ ?
3 Idiots , Delhi belly , Salt n Pepper , Diamond Necklace ഇതാ ഇപ്പൊ തട്ടവും.. ഹ്മം എന്തായാലും പുതിയ പിള്ളേരുടെ പടം അല്ലെ.. ടിക്കറ്റ്‌ കിട്ടുവായിരിക്കും... അല്ലേല്‍ എന്താ "പതിനായിരം" രൂപ ആസ്തിയുള്ള ഹൌസ് സര്‍ജന്‍സിനാണോ ബ്ലാക്കില്‍ ടിക്കറ്റ്‌ എടുക്കാന്‍ പഞ്ഞം ! ഹല്ലാ പിന്നെ!!!

                                                                            ഉച്ചയ്ക്ക് ഫുള്‍ പ്ലാന്‍ ചെയ്ത് വണ്ടിയും എടുത്ത് ഞങ്ങള്‍ നാല് പേര്‍ നിജാസ് , റയന്‍ , അനൂബ്‌ പിന്നെ ഞാന്‍ ... തിയേറ്ററില്‍ എത്തി . കര്‍ത്താവെ.. ഭീകര ക്യൂ!!!! ആദ്യത്തെ ഹോപ്‌ പോയി... ക്യൂ നിന്നാല്‍ കിട്ടില്ല... ഇനി ചേച്ചിമാര്‍ തന്നെ ശരണം.... അല്ലേലും females-നെ ഡീല്‍ ചെയ്യാന്‍ ഞാന്‍ തന്നെ കിടിലം എന്നും പറഞ്ഞു ,സ്വയം "Play Boy" എന്ന്‍ വിളിക്കുന്ന നിജാസ് സ്ത്രീകളുടെ ക്യവിനടുത്തു ചെന്നു. അവനു മോറല്‍ സപ്പോര്‍ട്ടമായി ഞങ്ങളും.. 2 1/2 മാസം കഴിഞ്ഞാല്‍ ഡോക്ടര്‍ ആവും എന്നാ നാണം ഒക്കെ കാറ്റില്‍ പറത്തി ചെചിമാരോട് ചോദിക്കുംബോഴാ അറിയുന്നെ , ചേച്ചിമാര്‍ക്ക്‌ പോലും ഒരാള്‍ക്ക് 2 ടിക്കറ്റ്‌ വച്ചേ കിട്ടു... അവിടെ ഭര്‍ത്താവിനും കുട്ടിക്കും ചേര്‍ത്ത് ടിക്കറ്റ്‌ എടുക്കാന്‍ വഴിയില്ലാതെ നില്‍ക്കുമ്പോള്‍ ആണ് അവന്റെ ഒരു ടിക്കറ്റ്‌!! !! പ്ഫ!!!!

                                                                                 ഇനി black തന്നെ ശരണം. ഗുണ്ടകളും കരിച്ചന്തയും വിളയുന്ന മഹാബലിയുടെ സ്വന്തം കേരളത്തിലാണോ ബ്ലാക്കിന് പഞ്ഞം. കൂതറ ലുക്കുള്ള എല്ലാ ലോക്കല്‍സിനടുത്തും ചെന്ന്‍ മുട്ടി നോക്കി. എവിടെ! ഒരുത്തന്റെ കയ്യിലും ഇല്ലാ! എന്ത്? ബ്ലാക്ക് !!!! എന്റെളിയാ.. നമ്മുടെ നാട് എന്നാടെ ഇത്ര നന്നായെ!!! ഇത് വലിയ ചെയ്തായിപോയി.... നേരത്തെ ക്യൂ നിന്ന വായിനോക്കിക്കള്‍ ടിക്കറ്റ്‌ വാങ്ങി തിയേറ്ററില്‍ കേറുന്നത് ആ ഡോര്‍ കൊട്ടിയടക്കുന്നത് വരെ നോക്കി നിന്നു.... ആ പോസ്റ്റിലെ അവളുടെ ചിരി കണ്ടിട്ട എനിക്ക് സഹിക്കുന്നില്ലയിരുന്നു.... എന്നാലും ഉടനെ തന്നെ കാണാം എന്നാ പ്രതീക്ഷ മനസ്സില്‍ ഉണ്ടായിരുന്നു.....

                                                                             പക്ഷെ പ്രതീക്ഷകള്‍ എല്ലാം അസ്ഥാനത്തായി... രണ്ടാം തവണ പോയപ്പോഴും ടിക്കറ്റ്‌ കിട്ടിയില്ല... മൂനാം തവണയും ചീറ്റി.. ഇതിനിടക്ക് ഞാന്‍ GP-ക്ക് പോയ ഗ്യാപ്പില്‍ മറ്റേ മൂന്ന് പേരും ആറ്റിങ്ങല്‍ പോയി പടം കണ്ടു. എനെറ്റ്‌ വാശി കൂടിക്കൊണ്ടിരുന്നു... "കളരി പരമ്പര ദൈവങ്ങളാണെ.. ലോകനാര്കാവിലംമയാണെ.. ഞാന്‍ ഈ പടം കാണും!! അതും ശ്രീ വിശാഖില്‍ നിന്നു തന്നെ കാണും.. ഇത് സത്യം സത്യം.. സത്യം!!!! ' തിങ്കളാഴ്ച പോയി സിനിമ കാണാം എന്ന്‍ തീരുമാനിച്ചുറപ്പിച്ചു. വാര്‍ഡിലെ പണിയെല്ലാം തീര്‍ത്തു , വാണം വിട്ടത് പോലെ ഞാന്‍ തിയേറ്ററില്‍ എത്തി. എവിടെ ! അവിടെയതാ തൊട്ടടുത്ത ബസ്‌ സ്റ്റാന്‍ഡില്‍ നില്ക്കാന്‍ പോലും സ്ഥലം ഇല്ലതത്ര ക്യൂ. ടിക്കെടും ഇല്ലാ ഒരു ---- ഉം ഇല്ലാ... വീണ്ടും ചീറ്റി...

                                                   എന്തായാലും ഇത്തവണ ഒരു സെക്കന്റ്‌ ഓപ്ഷന്‍ കരുതിയിരുന്നു... ദുല്ഖര്‍ സല്‍മാന്‍റെ ഉസ്താദ്‌ ഹോട്ടല്‍.........   ഒരു നല്ല ബിരിയാണി കഴിച്ച സന്തോഷത്തോടെ ഞാനാ സിനിമ കണ്ടിറങ്ങി...
. മണി 5 PM.. സമയം ഉണ്ട്... ധാരാളം സമയം ഉണ്ട്... വച്ച് പിടിച്ചു ശ്രീവിശഖിലെക്ക്... അവിടെ വീണ്ടും വന്‍ ക്യൂ... എന്ത് വന്നാലും ഇന്ന് കണ്ടിട്ടേ ഉള്ളൂ എന്ന്‍ ഉറപിച്ചു  കൊണ്ട്  ക്യൂവില്‍ നിന്നു. ഇച്ചിരെ കഴിഞ്ഞപ്പോള്‍ അതാ മഴ... ഓടിമാറിയാല്‍ ക്യൂവിലെ സീനിയോറിറ്റി പോകും.. ടിക്കറ്റ്‌ കിട്ടത്തുംഇല്ലാ... അപ്പോള്‍ അവളുടെ ചിരി ഞാന്‍ ഒന്നോര്‍ത്തു... മഴയെങ്കില്‍ മഴ!! ഞാന്‍ അവിടെത്തന്നെ നിന്നു... ക്യൂ പതുക്കെ നീങ്ങി തുടങ്ങി... ഇടയ്ക്ക് ഓരോരുത്തര്‍ ഇടിച്ചു കേറുമ്പോള്‍ ചങ്ക് കത്തുവാണ്... ടിക്കറ്റ്‌ കിട്ടതിരിക്കുമോ? ആകെ ടെന്‍ഷന്‍  .... ഒടുവില്‍ ടിക്കെടും മേടിച്ചു തിയേറ്ററില്‍ കയറുമ്പോള്‍ പണ്ട് വാശിപിടിച്ച് അച്ഛനെ കൊണ്ട് കളിപ്പാട്ടം മേടിച്ചപ്പോള്‍ ഉണ്ടായ അതെ മാനസികാവസ്ഥ ആയിരുന്നു... ഒരുതരത്തില്‍ " സൈമോണ്ട്സിന്റെ വികെറ്റ്‌ കിട്ടിയ ശ്രീശാന്തിനെ പോലെ "
                                                                        സിനിമ ആദ്യാവസാനം ശ്വാസം പിടിച്ചിരുന്നു കണ്ടു.. സിനെമയിലായിട്ടു കൂടി , അവന്‍ അവളെ കേട്ടിപിടിച്ചപ്പോള്‍ സഹിച്ചില്ല എന്‍റെ സാറെ!!!!
അങ്ങനേ ഞാന്‍ അത് സാധിച്ചു.. എന്‍ട്രന്‍സ് പോലും രണ്ടാം തവണ കിട്ടി... ഇത് നാല് തവണ ക്യൂ നിന്ന ശേഷം!!

     PS :
                 നീണ്ട ഒരു മാസത്തെ ഇടവേളക്ക് ശേഷം ഞാനും അനൂബും വീണ്ടും പോയി.. തട്ടതിന്‍ മറയാത്തെ പെണ്ണിനെ കാണാന്‍ ..... തിരക്കിനു ഇന്നും കുറവൊന്നും ഇല്ലാ... ബാല്‍ക്കണിയില്‍ അവസാന നാല് ടിക്കെട്ടുകളില്‍ രണ്ടെണ്ണം ഞങ്ങള്‍ക്ക് കിട്ടി... സിനിമ കഴിഞ്ഞിറങ്ങുമ്പോള്‍ ഒരു ചിന്ത മനസ്സില്‍ ഉദിച്ചു... "ആ വടക്കന്‍ കേരളത്തില്‍ മാത്രം കണ്ടുവരുന്ന പ്രതേക തരാം പാതിരാ കാറ്റ് കൊള്ളതതാണോ പ്രശനം??? " PG-ക്ക് തട്ടകം വടക്കന്‍ കേരളത്തിലേക്ക്‌ മാറ്റി നോക്കിയാലോ???
                                     

                                         
                                        
Wednesday, October 3, 2012 0 comments

ഇന്നത്തെ ചിന്താ വിഷയം

ഏച്ച് കെട്ടിയാല്‍ മുഴച്ചിരിക്കും.... പക്ഷെ ... മുറിഞ്ഞ രണ്ടു മുറി കയറിനെക്കള്‍ എന്ത് കൊണ്ടും ഭംഗി ആ മുഴകള്‍ക്കല്ലേ??
Monday, April 16, 2012 6 comments

120 / 80

നാല് വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു ചൊവ്വാഴ്ച: സര്‍ജറി കാഷ്വലിറ്റി 

                           ഒന്നാം വര്‍ഷ MBBS പാസ്സായ ശേഷം  തോളത്ത്സ്റ്റെതസ്കോപ്   ചുറ്റി , മുഖത്ത് "ഡോക്ടര്‍" എന്ന ഭാവവുമായി ഞാന്‍ ആദ്യത്തെ സര്‍ജറി casulaty  പോസ്റ്റിങ്ങിനു ചെന്നു... കാഷ്വലിറ്റിയിലെ തിക്കും തിരക്കും എന്നെ അത്ഭുതപ്പെടുത്തി.. Dissection ഹാളിലെ ഫോര്‍മാലിന്റെ മണവും , Bio Chemistry  ലാബിലെ റിയജെന്ട്സിന്‍റെ നിറക്കൂട്ടും , Lecture ഹാളിലെ ബ്ലുടൂത് വിനോദങ്ങളും , ബാക്ക് സീറ്റ്‌ ഉറക്കവും മാത്രം ശീലിച്ചിരുന്ന എനിക്ക് കാഷ്വലിടിയിലെ തിരക്ക് തികച്ചും അത്ഭുതാവാഹം ആയി. രണ്ടു കാലുള്ള മനുഷ്യര്‍ നാല് കാലുള്ള ഉന്തുവണ്ടിയില്‍ ഇരുന്നും , കിടന്നും , മുക്കിയും , മൂളിയും കടന്നു പോകുന്നു... മറ്റു ചിലര്‍ വീല്‍ ചെയറില്‍ ചാരി കിടക്കുന്നു... ചിലരുടെ മുഖം പോലും കാണാനാവാത്ത വിധം കോട്ടന്‍ കൊണ്ട് മൂടിയിരിക്കുന്നു.. ഉയര്‍ത്തി പിടിച്ച ഡ്രിപ്സെറ്റുമായി  ഓരോ ട്രോളിക്കും വീല്‍ ചെയ്റിനും പിന്നാലെ പായുന്ന ബൈസ്റ്റാന്‍ഡേഴ്സ്.... ഹോ! എന്താ ഒരു തിരക്ക്..

                      ഒരു വിധത്തില്‍ സര്‍ജറി കാഷ്വലിറ്റി സൈഡ് റൂമില്‍ എത്തിപ്പറ്റി. അന്ന് നേരത്തെ എത്തണം എന്ന്‍ ഞാന്‍ പ്ലാന്‍ ചെയ്തിരുന്നു. House surgeon  ചേട്ടന്‍ suture  ചെയ്യാന്‍ പഠിപ്പിക്കാം എന്ന് പറഞ്ഞിരുന്നു.... ആദ്യത്തെതു ഞാന്‍ തന്നെ എന്ന്‍ ഞാന്‍ മനസ്സില്‍ ഉറപ്പിച്ചിരുന്നു.. ഡോര്‍ തുറന്ന്‍ അകത് കയറിയ ഞാന്‍ Desp ആയി... അതാ ചിരിക്കുന്ന 6 മുഖങ്ങള്‍......... . , എല്ലാപേരും ഇതേ മോഹവുമായി നേരത്തെ എത്തിചേര്‍ന്നിരിക്കുന്നു... എങ്കിലും ഞാന്‍ പ്രതീക്ഷ കൈ വിട്ടില്ല...

                                                                     നേരം കുറെ കടന്നു പോയി... സന്ധ്യ മയങ്ങിയതോടെ Casualty-യിലെ തിരക്ക് പതിന്‍ മടങ്ങ്‌ വര്‍ധിച്ചു ... എവിടെയും കരച്ചിലും രക്തവും മാത്രം...Accidentil  കൈ മുറിഞ്ഞവര്‍ , ബോധം പോയവര്‍ , മരണാസന്നനായവര്‍................  അപ്പുറത് ഓര്‍ത്തോ casualty-yil ദീന രോദനങ്ങളും ആര്‍ത്തനാദങ്ങളും നിര്‍ത്താതെ കേള്‍ക്കാം.... ഞാന്‍ ഒരു സൈഡില്‍ ചേട്ടന്മാര്‍  suture ചെയ്യുന്നതും നോക്കിയങ്ങനെ നില്‍ക്കുമ്പോളാണ് , പിന്നില്‍ നിന്നും ഒരു വിളി...PG ചേച്ചി ആണ്... "എടാ ഈ അപ്പൂപ്പന്‍റെ ബിപി ഒന്നെടുത്തെ " ... ഞാന്‍ വിശ്വാസം വരാതെ ഒന്നുടെ നോക്കി ... എന്നോട് തന്നാണോ? അതെ എന്നോട് തന്നെ!... എന്നിലെ ഡോക്ടര്‍ അഭിമാന പുളകിതനായി.... ആദ്യത്തെ ബിപി , ഞാന്‍ ഇന്നൊരു കസര്‍ കസറും.... ഫിസിയോളജി Lecture ഹാളില്‍ ബിപി എടുത്തു പഠിച്ച 'മൊട്ടതലയന്‍' അപ്പൂപ്പനെ മനസ്സില്‍ ധ്യാനിച്ച്... സ്റ്റെപ് ബൈ സ്റ്റെപ് ആയി ഒന്നോര്‍ത്തു നോക്കി... "എന്തായിരുന്നു ആ ശബ്ദത്തെ വിളിക്കുന്നത് ??" " കരാട്ടയോ? കാരറ്റോ? , ഈ സായിപ്പന്മാരുടെ ഒരു കാര്യം ; വല്ല ശശി'സ് സൌണ്ട്സ് എന്ന് വല്ലതും ആയിരുന്നേല്‍ എന്ത് എളുപ്പം ആയിരുന്നു... ഏതായാലും സര്‍വ ബിപി ദൈവങ്ങളെയും മനസ്സില്‍ വിളിച്ചു കൊണ്ട് , അച്ഛന്‍ പുതുതായി മേടിച്ചു തന്ന സ്റ്റെത്തും പിടിച്ചു ഞാന്‍ ആ അപൂപ്പന്റെ അടുത്ത് ചെന്നു..ഞാന്‍ ആ മുഖത്തേക്ക് ഒന്ന് നോക്കി... ദൈന്യതയാര്‍ന്ന കണ്ണുകള്‍ , മെലിഞ്ഞു ചുളിഞ്ഞ ശരീരം... അടിവയറില്‍ പിടിച്ചു കൊണ്ട് നിലവിളിക്കുകയാണ് ആ പാവം.
ബിപി എടുക്കുമ്പോള്‍ വേദന കൂടിയാലോ?? ഞാന്‍ ഒന്ന് ശങ്കിച്ചു.. അപ്പോള്‍ പിന്നില്‍ നിന്നും ഒരു തട്ട്... " എന്ത് ചെയ്യുവാടാ അവിടെ ?  , ബിപി എടുക്ക് .. " ഞാന്‍ ശടെന്ന്‍ ബിപി അപ്പാരറ്റസ് തുറന്നു.. മനസ്സില്‍ സ്റെപ്പുകള്‍ ഓരോന്നോരോന്നായി ആലോചിച്ചു..1 . ബിപി കഫ്ഫ് ഒരു ഫിങ്കര്‍ ലൂസ് ആയി കെട്ടണം . ഈ ഒരു ഫിങ്കര്‍ എങ്ങനെ ലൂസാക്കും എന്നാലോചിച്ച് നില്‍ക്കുമ്പോള്‍ , അതാ പിന്നെയും വിളി... ബിപി എത്രയാടാ? "ശോ ഇവരുടെ ഒരു കാര്യം... മനസ്സില്‍ പ്രാകിക്കൊണ്ട്‌ , ഞാന്‍ രണ്ടും കല്‍പ്പിച് ബിപി കഫ്ഫ് കെട്ടി ഇന്ഫ്ലെട്റ്റ് ചെയ്തു... അപ്പോഴത്തെ ടെന്‍ഷന്‍ കാരണം ഞാന്‍ എല്ലാം മറന്നു.. 'Palpatory  ബിപി ..20mm  പിന്നേം... ശോ ! ഒന്നും ഒര്മവരുന്നില്ലല്ലോഓ...

                     ഞാന്‍ നേരെ സ്റ്റെതെസ്കോപ് എടുത്ത് കുബിട്ടല്‍ ഫോസ്സയില്‍ വച്ച് ബിപി കഫ്ഫ് ഇന്ഫ്ലാട്റ്റ് ചെയ്തു. ഒരു 200 വരെ അടിച്ച വിട്ടു , പിന്നെ സര്‍വ ദൈവങ്ങളെയും വിളിച്ച കൊണ്ട് പ്രഷര്‍ റിലീസ് ചെയ്തു...200...190.. 180...170...160.. 150.. 140 ... ഒന്നും കേള്‍ക്കുന്നില്ല... ഹ്മ്മം ഇനിയും ഒരു 140 ഉണ്ടല്ലോ സൌണ്ട് കേള്‍ക്കാന്‍... ഞാന്‍ സ്വയം ആശ്വസിച്ചു... 130... 120... 110...ഇല്ല ഒന്നും കേള്‍ക്കുന്നില്ല!!  എനിക്ക് ടെന്‍ഷന്‍ വച്ച് തുടങ്ങി.... 100..90...80....ശോ! .. 70.. 60... 50.. 40... 30.. ഇതെന്നാ  ഇങ്ങേര്‍ക്ക്  ബിപി ഇല്ലേ ?
ഞാന്‍ വീണ്ടും നോക്കി... പഴയ ഗതി തന്നെ... ഒന്നും കേള്‍ക്കുന്നില്ല... ആ പിജി എന്നെ തന്നെ നോക്കി ഇരിക്കുവാണ്.. ആദ്യത്തെ ദിവസം തന്നെ എല്ലാ വിലയും പോകുമോ ? " എടാ ... ബിപി എത്രയാ? " വീണ്ടും വന്നു വിളി...ഞാന്‍ ആകെ വിയര്‍ത്ത് കുളിച്ചു ... പിന്നെ ഒന്നും ആലോചിച്ചില്ല..ഒറ്റ ശ്വാസത്തില്‍ അങ്ങ് പറഞ്ഞു ... 120 / 80 ...ഹോ ! ബിപി അപ്പാരട്ടസും വച്ചിട്ട് ഇറങ്ങി ഒറ്റ പോക്ക്.. ആ ഏരിയയില്‍ നിന്നില്ല...

                                         SAT canteenil ഇരുന്നു ചായ കുടിക്കുന്നതിനിടയില്‍ ഞാന്‍ തലങ്ങും വിലങ്ങും ആലോചിച്ചു... ഒരു ഐഡിയയും കിട്ടുന്നില്ല... എവിടെയാ തെറ്റിയത്... ആ അപ്പൂപ്പന് വല്ലതും പറ്റിയോ ആവോ... ഞാന്‍ കള്ള ബിപി ആണ് പറഞ്ഞതെന്ന്‍ ആ പിജിക്ക് മനസിലായോ എന്തോ? എല്ലാം കൂടി വട്ടു പിടിക്കുന്നു.. നേരെ റൂമില്‍ പോയി പുതച് കിടന്നുറങ്ങി.... അന്ന് രാത്രി സ്വപ്നത്തില്‍ ആ അപ്പൂപ്പന്‍ വന്നു വിളിക്കുന്നതായി തോന്നി... പിറ്റെന്ന്‍ വാര്‍ഡില്‍ പോയപ്പോള്‍ എല്ലാ പേരും എന്നെ തന്നെ നോക്കുന്നതായി ഒരു തോന്നല്‍... എനിക്കെന്തോ ഒരു പേടി... സര്‍ ഒക്കെ അറിഞ്ഞു കാണുമോ? വാര്‍ഡില്‍ മുഴുവന്‍ നോക്കിയിട്ടും ആ അപ്പൂപ്പന്റെ പോടീ പോലും ഇല്ല... അങ്ങേര്‍ തട്ടി പോയോ? എന്തായാലും ഞാന്‍ ആരോടും ഒന്നും ചോദിക്കാനും പറയാനും പോയില്ല.. ആ പിജിയെ കാണാത്ത വിധം മുങ്ങി നടന്നു... ദിവസം മൂന്ന് കടന്നു പോയി.. ആരും ഒന്നും പറയുന്നില്ല.. എനിക്ക് കുറേശ്ശെ സമാധാനം ആയി.. ആരും ഒന്നും അറിഞ്ഞിട്ടില്ല..
                                                               
അങ്ങിനിരിക്കെ ഒരു ദിവസം ഉച്ചക്ക് സംസാരിച്ചിരിക്കുമ്പോള്‍ ഞാന്‍ സന്ദീപിനോട് "എടാ.. എന്‍റെ സ്റ്റെത്തിനു  എന്തോ പ്രശ്നം ഉണ്ടെന്ന്‍ തോന്നുന്നു.. ബിപി എടുത്തിട്ട ഒന്നും കേള്‍ക്കുന്നില്ല" അവന്‍ ഉടനെ അത് മേടിച് , ഡയഫ്രം ഒന്ന് തിരിച്ചു.. ഇനി നോക്ക് എന്ന് പറഞ്ഞു.. ആ സ്റ്റെത്തിന്റെ  മുകളിലത്തെ ഓട്ട അടഞ്ഞിരിക്കണം എന്നാലെ ഡയഫ്രം വര്‍ക്ക്‌ ചെയ്യുള്ളു എന്ന്‍... പെട്ടെന്ന്‍ എനിക്ക് യോധയിലെ ആ മ്യൂസിക്‌ ഓര്മ വന്നു ... കു കു.. കു കു.. 


 
;